സ്മാർട്ടാകാൻ 17 റോഡുകൾ; നവീകരണത്തിന് 189 കോടി
Saturday, March 17, 2018 6:59 PM IST
ബംഗളൂരു: നഗരത്തിലെ 17 റോഡുകൾ സ്മാർട്ടാകാനൊരുങ്ങുന്നു. അടുത്തിടെ നവീകരിച്ച ചർച്ച് സ്ട്രീറ്റ് റോഡിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൂടുതൽ റോഡുകൾ നവീകരിക്കാൻ ബിബിഎംപി തീരുമാനിച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കായി 189 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കൊമേഴ്സ്യൽ സ്ട്രീറ്റ്, കാമരാജ് റോഡ്, ഡിക്കൻസൻ റോഡ്, ഇൻഫന്‍ററി റോഡ്, കസ്തൂർബ റോഡ്, ക്വീൻസ് റോഡ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ട പ്രധാന റോഡുകൾ. അഞ്ചു പാക്കേജുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 51 കോടിയുടെ ഒന്നാം പാക്കേജിൽ കൊമേഴ്സ്യൽ സ്ട്രീറ്റ്, കാമരാജ് റോഡ്, അൾസൂർ റോഡ്, ഡിക്കൻസൻ റോഡ് എന്നിവയും 45 കോടിയുടെ രണ്ടാം പാക്കേജിൽ ഇൻഫന്‍ററി റോഡ്, സെൻട്രൽ സ്ട്രീറ്റ്, ബൗറിംഗ് ഹോസ്പിറ്റൽ റോഡ് എന്നിവയും ഉൾപ്പെടുന്നു. 36 കോടി വകയിരുത്തിയ മൂന്നാം പാക്കേജിൽ മില്ലേഴ്സ് റോഡും രാജ്ഭവൻ റോഡുമാണ് ഉൾപ്പെടുന്നത്. 28 കോടിയുടെ നാലാം പാക്കേജിൽ മഗ്രാത്ത് റോഡ്, കോൺവന്‍റ് റോഡ്, ഹെയ്സ് റോഡ്, വുഡ് സ്ട്രീറ്റ്, കാസിൽ സ്ട്രീറ്റ്, ടാറ്റ ലെയ്ൻ എന്നീ റോഡുകളും 29 കോടിയുടെ അഞ്ചാം പാക്കേജിൽ കസ്തൂർബ റോഡ്, ക്വീൻസ് റോഡ് എന്നിവയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മേയ് മാസത്തോടെ പദ്ധതിക്കായുള്ള ടെൻഡർ ക്ഷണിക്കും.

ചർച്ച് സ്ട്രീറ്റ് മാതൃകയിൽ നടപ്പാതയ്ക്ക് വീതികൂട്ടിയും തെരുവുവിളക്കുകൾ സ്ഥാപിച്ചും വാഹനങ്ങൾ നിർത്താൻ പ്രത്യേക ട്രാക്കുകളും ഒരുക്കിയാണ് 17 റോഡുകളും നവീകരിക്കുന്നത്. കാൽനടയാത്രികർക്ക് കൂടുതൽ സൗകര്യമൊരുക്കിയാകും നവീകരണപ്രവർത്തനങ്ങൾ.


ചർച്ച് സ്ട്രീറ്റിൽ വൈകുന്നേരങ്ങളിൽ ഗതാഗതം നിരോധിച്ചേക്കും

ബംഗളൂരു: നവീകരിച്ച ചർച്ച് സ്ട്രീറ്റിൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി പത്തു വരെ വാഹനഗതാഗതം നിരോധിക്കാൻ നീക്കം. നിരവധി വ്യാപാരസ്ഥാപനങ്ങളുള്ള ചർച്ച് സ്ട്രീറ്റിൽ വൈകുന്നേരങ്ങളിലുണ്ടാകുന്ന ജനത്തിരക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം. കാൽനടയാത്രികർക്ക് കൂടുതൽ സൗകര്യമൊരുക്കി നവീകരിച്ച ചർച്ച് സ്ട്രീറ്റിൽ ഗതാഗതം നിരോധിക്കുന്നത് പരിഗണിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വാഹനങ്ങൾ നിർത്തുന്നതിനായി പ്രത്യേക ട്രാക്കുകൾ ചർച്ച് സ്ട്രീറ്റിൽ സ്ഥാപിച്ചിരുന്നു. ഗതാഗതം നിരോധിക്കുകയാണെങ്കിൽ ഈ സംവിധാനം നിർമിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നാണ് വിമർശനമുയരുന്നത്.