മെർക്കൽ മന്ത്രിസഭയിൽ കല്ലുകടി; ആഭ്യന്തര മന്ത്രിക്കെതിരേ ചാൻസലർ
Saturday, March 17, 2018 9:50 PM IST
ബർലിൻ: ഇസ് ലാം ജർമനിയുടെ ഭാഗമല്ലെന്ന ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫറെ തിരുത്തി ചാൻസലർ ആംഗല മെർക്കൽ രംഗത്ത്. ഇസ് ലാം ജർമനിയുടെ ഭാഗം തന്നെയാണെന്ന് അവർ പ്രസ്താവിച്ചു.

അഭയാർഥി - കുടിയേറ്റ നയങ്ങളിൽ ഇരു ധ്രുവങ്ങളിൽ നിൽക്കുന്ന നേതാക്കളാണ് സിഡിയുവിന്‍റെ മെർക്കലും സിഎസ്യുവിന്‍റെ സീഹോഫറും. പുതിയ വിവാദത്തോടെ, മന്ത്രിസഭാ രൂപീകരണത്തിന്‍റെ തുടക്കത്തിൽ തന്നെ കല്ലുകടിയായിരിക്കുകയാണ്.

ഇസ് ലാമിക് വിശ്വാസം ജർമൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നു താൻ കരുതുന്നില്ല എന്നാണ് ഒരു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ സീഹോഫർ പറഞ്ഞത്. ക്രിസ്തു മതമാണ് ജർമൻ സംസ്കാരത്തെ സ്വാധീനിച്ചിരിക്കുന്നത്. ഞായറാഴ്ച അവധിയും ക്രിസ്ത്യൻ വിശേഷ ദിവസങ്ങളിലെ പൊതു അവധിയും എല്ലാം ഇതിനു തെളിവാണെന്നും സീഹോഫർ ചൂണ്ടിക്കാട്ടി.

അതേസമയം, ഇവിടെ ജീവിക്കുന്ന മുസ് ലിംകൾ ജർമനിയുടെ ഭാഗം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. എന്നുവച്ച് രാജ്യത്തിന്‍റെ ഭാഗമായ പാരന്പര്യവും പൈതൃകകവും മറ്റുള്ളവർക്കായി മാറ്റി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു കൂടി പറഞ്ഞു വയ്ക്കുകയും ചെയ്തു.

ഇസ് ലാം ജർമനിയുടെ ഭാഗം തന്നെയാണെന്നാണ് 2015 മുതൽ മെർക്കലിന്‍റെ നിലപാട്. ഇവിടെ താമസിക്കുന്നവർ ജർമനിയുടെ ഭാഗമാണെന്നും അവർക്കൊപ്പം അവരുടെ മതവിശ്വാസങ്ങളും രാജ്യത്തിന്‍റെ ഭാഗമാണെന്നും അവർ ആവർത്തിക്കുകയും ചെയ്തു.


ഇസ് ലാം ജർമനിയുടേതല്ലെന്നു ആഭ്യന്തര മന്ത്രിയും; പ്രസ്താവനയുടെ സംക്ഷിപ്തം

ഇസ് ലാം ജർമനിയുടേതല്ലെന്ന് ആദ്യമായി പരസ്യ പ്രഖ്യാപനം നടത്തിയ ജർമനിയിലെ മുതിർന്ന നേതാവ് മുൻ പ്രസിഡന്‍റ് ക്രിസ്റ്റ്യാൻ വുൾഫ് ആയിരുന്നു. അന്നു പുകഞ്ഞു തുടങ്ങിയ വിവാദം ഇപ്പോഴിതാ പുതിയ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫർ ഉൗതിക്കത്തിക്കുന്നു, അതേ പ്രസ്താവന ആവർത്തിക്കുക വഴി.

സിഎസ്യു പ്രതിനിധിയും കടുത്ത കുടിയേറ്റ - അഭയാർഥി വിരുദ്ധനുമായ സീഹോഫറുടെ നിലപാടുകളിൽ ആർക്കും സംശയമൊന്നുമില്ലെങ്കിലും ഒരു സമുദായത്തിനെതിരേ അദ്ദേഹത്തിന്‍റെ പരസ്യ പ്രതികരണം ഇതാദ്യമാണ്.

ക്രിസ്റ്റ്യൻ വുൾഫിന്‍റെ പ്രസ്താവനയോടെ ഉയർന്ന വിവാദം അന്നത്തെ ആഭ്യന്തര മന്ത്രി വോൾഫ്ഗാങ് ഷോബ്ളാണ് മയപ്പെടുത്തിയത്. ഇസ് ലാം ജർമനിയുടെയും യൂറോപ്പിന്‍റെയും ഭാഗമാണെന്നും നമ്മുടെ വർത്തമാനകാലത്തിന്‍റെയും ഭൂതകാലത്തിന്‍റെയും ഭാവി കാലത്തിന്‍റെയും കൂടി ഭാഗമാണെന്നും അദ്ദേഹം തന്‍റെ നയ പ്രഖ്യാപനത്തിൽ ഒൗദ്യോഗികമായി ഉൾപ്പെടുത്തുകയാണ് അന്നു ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ തന്‍റെ മുൻഗാമിയുടെ വഴി സ്വീകരിക്കാൻ ഒരുക്കമല്ലെന്നാണ് സീഹോഫർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

മുസ് ലിംകൾ ജർമനിയുടെ ഭാഗമാണെന്നും സമൂഹത്തിന്‍റെ ഭാഗമായി അവരെ അംഗീകരിക്കാതിരിക്കുന്നത് അപമാനകരമാണെന്നുമുള്ള നിലപാടാണ് എസ്പിഡി സ്വീകരിച്ചിരുന്നത്. എന്നാൽ, ഇസ് ലാം ജർമനിയുടെ ഭാഗമായിരുന്നു എന്ന് ചരിത്രപരമായി ഒരിടത്തും തെളിയിക്കാനാവില്ലെന്നാണ് ആഭ്യന്തര മന്ത്രിയായിരുന്ന ഹാൻസ് പീറ്റർ ഫ്രെഡറിക് പറഞ്ഞിട്ടുള്ളത്.

നിരവധി മുസ് ലിംകൾ ജർമനിയിൽ ജീവിക്കുന്നു എന്നും ഇവിടെ ജീവിക്കുന്ന മുസ് ലിംകൾ ജർമനിയുടെ ഭാഗം തന്നെയാണെന്നും മയപ്പെടുത്തുകയാണ് പിന്നീട് ജർമൻ പ്രസിന്‍റായ ജോവാഹിം ഗൗക്ക് ചെയ്തത്.

ഇസ് ലാം ജർമൻ പാരന്പര്യത്തിന്‍റെയോ അസ്തിത്വത്തിന്‍റെയോ ഭാഗമല്ലെങ്കിലും മുസ് ലിംകൾ ഇന്നു ജർമനിയുടെ ഭാഗം തന്നെ എന്നായിരുന്നു യൂണിയൻ ഫാക്ഷൻ നേതാവ് വോൽക്കർ കൗദറുടെ പ്രഖ്യാപനം. ഇസ് ലാം ഇപ്പോൾ ജർമനിയുടെ ഭാഗം തന്നെ എന്ന കാര്യത്തിൽ തർക്കമില്ലെന്ന് പിന്നീട് ചാൻസലർ ആംഗല മെർക്കലും പ്രസ്താവിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ