മെർക്കലിന്‍റെ പാരീസ് സന്ദർശനം തുടങ്ങി
Saturday, March 17, 2018 9:51 PM IST
പാരീസ്: ജർമനിയുടെ ചാൻസലറായി നാലാംതവണയും അധികാരമേറ്റ ആംഗല മെർക്കലിന്‍റെ ആദ്യത്തെ വിദേശയാത്ര പാരീസിലേയ്ക്ക്. വെള്ളിയാഴ്ച വെകുന്നേരം പാരീസിലെത്തിയ മെർക്കൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണുമായി കൂടക്കാഴ്ച നടത്തി. പ്രസിഡന്‍റിന്‍റെ കൊട്ടാരമായ എലിസി പാലസിലാണ് ഇരുവരും കൂടിക്കണ്ടത്. ചാൻസലറായി അധികാരമേറ്റ മെർക്കലിനെ മാക്രോണ്‍ മുക്തകണ്ഠം പുകഴ്ത്തി. യൂറോപ്പിന്‍റെ ഉരുക്കുവനിതയായി വീണ്ടും അധികാരത്തിലെത്തിയതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര വിഷയങ്ങൾ, പ്രത്യേകിച്ച് യൂറോപ്പ് യുഎസ് കച്ചവടകരാർ, പുടിൻ ട്രംപ് അസ്വാരസ്യങ്ങൾ, യൂറോപ്യൻ ഉത്പന്നങ്ങൾക്ക് എതിരായ അമേരിക്കൻ വ്യാപാര ഉപരോധങ്ങൾ, റഷ്യൻ ഇരട്ട ഏജന്‍റുമായ സെർജി സ്ക്രിപാലിന്‍റെ മരണം അടങ്ങിയ റഷ്യൻ ബ്രിട്ടൻ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

നിലവിലെ റഷ്യയുടെ നടപടികൾ ഒരു “ഭീകരാന്തരീക്ഷം സൃഷ്ടിക്കുക വഴി യൂറോപ്പിന് ഉറക്കമില്ലാത്ത നാളുകൾ ഉണ്ടാക്കുകയാണെന്ന് മെർക്കൽ അഭിപ്രായപ്പെട്ടു. റഷ്യ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അവർ പ്രത്യാശിക്കുന്നതായി അറിയിച്ചു. ശരിയായ പ്രതികരണങ്ങൾ എന്തെല്ലാം ആണെന്ന് ജർമനിയും ഫ്രാൻസും ഈ ദിവസങ്ങളിൽ വീണ്ടും ചർച്ചചെയ്യും. മെർക്കലും മാക്രോണും ബ്രിട്ടനൊപ്പം അവരുടെ ഐക്യദാർഢ്യത്തെ ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.

യൂറോപ്യൻ മൗലികസമ്മർദ്ദം നിലനിൽക്കുന്ന ഒരു ജിയോപോളിസി സാഹചര്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കുവാനും യൂറോയുടെ ശാശ്വത സ്ഥിരതയ്ക്കും ഉത്തേജനം മെച്ചപ്പെടുത്തുന്നതിനും അവർ ലക്ഷ്യമിടുന്നതായും വെളിപ്പെടുത്തി.

യൂറോപ്പിന്‍റെ അഭയാർഥി നയം ഏകോപിപ്പിക്കേണ്ടതുണ്ട്. മെർക്കൽ പ്രഖ്യാപിച്ചതുപോലെ, യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ അഭയാർഥി നയത്തിലും മറ്റു വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങൾ തയാറാക്കാൻ പ്രത്യേക ഫ്രഞ്ച് ജർമൻ ഉച്ചകോടി അധികം വൈകാതെ നടത്തുവാനും ഇരു നേതാക്കളും ധാരണയിലെത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ