ഇറ്റലിയുടെ പുതിയ പാർലമെന്‍റിൽ യുവത്വത്തിനും സ്ത്രീത്വത്തിനും മേൽകൈ
Friday, March 23, 2018 12:04 AM IST
റോം: ഇറ്റാലിയൻ പാർലമെന്‍റിലേക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ ശരാശരി പ്രായം മുൻ പാർലമെന്‍റ് അംഗങ്ങളുടേതിനെക്കാൾ കുറവ്. സ്ത്രീകളുടെ എണ്ണത്തിൽ വർധനയും രേഖപ്പെടുത്തുന്നു.

315 സെനറ്റർമാരെയും 630 ഡെപ്യൂട്ടികളെയുമാണ് ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. സെനറ്റിൽ നാലു കക്ഷികളുള്ള വലതുപക്ഷ സഖ്യത്തിന് 135 പേരുടെ പിന്തുണയാണുള്ളത്. രണ്ടാം സ്ഥാനത്ത് ഫൈവ് സ്റ്റാർ മൂവ്മെന്‍റാണ് (112). ഡെപ്യൂട്ടീസിൽ വലതുപക്ഷത്തിന് 260 സീറ്റും ഫൈവ് സ്റ്റാറുകാർക്ക് 221 സീറ്റും.

സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള കുറഞ്ഞ പ്രായം 40 ആണ്. ഇപ്പോഴത്തെ അംഗങ്ങളുടെ ശരാശരി പ്രായം 52. ഇത്രയും കുറവ് ഇതുവരെ ഉണ്ടായിട്ടില്ല. ഡെപ്യൂട്ടികളുടെ മിനിമം പ്രായം 25, ശരാശരി പ്രായം 44. ആകെ അംഗങ്ങളിൽ 34 ശതമാനം സ്ത്രീകൾ വന്നതും റെക്കോഡാണ്. കഴിഞ്ഞ പാർലമെന്‍റിൽ ഇവർ 31 ശതമാനം മാത്രമായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ