വിജയിച്ചത് സിദ്ധരാമയ്യ ഓപ്പറേഷൻ; തൊട്ടതെല്ലാം പിഴച്ച് ദൾ
Monday, March 26, 2018 11:53 PM IST
ബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മൂന്നു സ്ഥാനാർഥികളും അനായാസം ജയിച്ചുകയറിയപ്പോൾ അതിന്‍റെ മുഴുവൻ അർഹതയും പാർട്ടിയേക്കാളുപരി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കായിരുന്നു. എൽ. ഹനുമന്തയ്യ, ജി.സി. ചന്ദ്രശേഖർ എന്നിവരെ വിജയിപ്പിച്ച ശേഷം ജെഡി-എസിന്‍റെ ഏഴു വിമത എംഎൽഎമാരെയും സ്വതന്ത്രരെയും കൂടെക്കൂട്ടിയാണ് സിദ്ധരാമയ്യ മൂന്നാമത്തെ കോൺഗ്രസ് സ്ഥാനാർഥിയായി ഡോ. സയീദ് നാസർ ഹുസൈനെ വിജയിപ്പിച്ചെടുത്തത്.

അതേസമയം, രാജ്യസഭയിലേക്ക് ഒരംഗത്തെ എത്തിക്കാനുള്ള ജെഡി-എസിന്‍റെ രണ്ടാമത്തെ ശ്രമമാണ് പഴയ പാർട്ടി നേതാവ് കൂടിയായ സിദ്ധരാമയ്യ തകർത്തത്. 2016ൽ ജെഡി-എസിന്‍റെ സ്ഥാനാർഥിനിർണയത്തിൽ പ്രതിഷേധിച്ച് ഏഴ് വിമത എംഎൽഎമാർ കൂറുമാറി കോൺഗ്രസിന് വോട്ടുചെയ്തിരുന്നു. പാർട്ടി നേതാക്കളെ ഒഴിവാക്കി വ്യവസായിയായ ബി.എം. ഫറൂഖിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഈ നീക്കം. ഇത്തവണയും ഫറൂഖിനെ തന്നെയാണ് സ്ഥാനാർഥിയാക്കി നിർത്തിയിരുന്നത്. രണ്ടു സ്ഥാനാർഥികളെ വിജയിപ്പിച്ച ശേഷം കോൺഗ്രസിന് ബാക്കിവരുന്ന വോട്ടുകൾ നേടി ഫറൂഖിനെ വിജയിപ്പിക്കാമെന്നാണ് ദൾ കണക്കുകൂട്ടിയിരുന്നത്. ഇതിനായി പാർട്ടി ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ പിന്തുണയ്ക്കായി ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്ന് സിദ്ധരാമയ്യ നിലപാട് കടുപ്പിച്ചതോടെ ജെഡി-എസ് സമ്മർദത്തിലാകുകയായിരുന്നു. വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കം പരാജയപ്പെടുക കൂടി ചെയ്തതോടെ ജെഡി-എസിന് തൊട്ടതെല്ലാം പിഴച്ചു. മൂന്നു സ്ഥാനാർഥികളെയും വിജയിപ്പിച്ച് സിദ്ധരാമയ്യ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി കേന്ദ്ര നേതൃത്വത്തിനു മുന്നിൽ പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ചെയ്തു. ജെഡി-എസിൽ നിന്ന് വിമതർ ഇന്ന് കോൺഗ്രസിനൊപ്പം ചേരുന്നതും മുഖ്യമന്ത്രിക്ക് കരുത്തേകും.

കോൺഗ്രസിന്‍റെ ഹനുമന്തയ്യയ്ക്ക് 44 വോട്ടും ചന്ദ്രശേഖറിന് 46 വോട്ടും സയീദ് നാസർ ഹുസൈന് 42 വോട്ടുമാണ് ലഭിച്ചത്. ജെഡി-എസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ സ്ഥാനാർഥിയുടെ വിജയത്തിനു വേണ്ട വോട്ട് 44ൽ നിന്ന് 37 ആ‍യി കുറഞ്ഞിരുന്നു. പോൾ ചെയ്ത 188 വോട്ടിൽ രണ്ടെണ്ണം അസാധുവാകുകയും ചെയ്തു. അമ്പത് വോട്ടുകളുമായി ബിജെപിയുടെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും രാജ്യസഭയിലെത്തി.