രാഹുൽ ഗാന്ധി മൈസൂരുവിൽ
Monday, March 26, 2018 11:55 PM IST
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് നടത്തുന്ന ജനാശീർവാദ് യാത്രയുടെ നാലാം ഘട്ടത്തിന് നേതൃത്വം നല്കാൻ കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ മൈസൂരുവിലെത്തി. രാവിലെ 9.15ന് പ്രത്യേക വിമാനത്തിൽ മന്ദകള്ളി വിമാനത്താവളത്തിലെത്തിയ രാഹുൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷൻ ജി. പരമേശ്വര എന്നിവർക്കൊപ്പം ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. രാഹുലിന്‍റെ വരവിനോടനുബന്ധിച്ച് ക്ഷേത്രത്തിനും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. പുലർച്ചെ അഞ്ചു മുതൽ ക്ഷേത്രത്തിലേക്കുള്ള വാഹനഗതാഗതം പോലീസ് തടഞ്ഞിരുന്നു.

ക്ഷേത്രദർശനത്തിനു ശേഷം മഹാറാണിസ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സ് കോളജിലെ വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു. രണ്ടുദിവസത്തെ സന്ദർശനത്തിൽ മൈസൂരു, ചാമരാജനഗർ, മാണ്ഡ്യ ജില്ലകളിൽ നടക്കുന്ന റാലികളിലും യോഗങ്ങളിലും റോഡ് ഷോകളിലും രാഹുൽ പങ്കെടുക്കും.