മെൽബണിലെ ദുഃഖ വെള്ളി തിരുക്കർമങ്ങൾ ബക്കസ് മാർഷ് മലമുകളിൽ
Thursday, March 29, 2018 12:03 AM IST
മെൽബണ്‍: ദുഃഖ വെള്ളിയിലെ തിരുക്കർമങ്ങൾക്കായി ബക്കസ് മാർഷ് മല മുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10 മുതലാണ് ബക്കസ് മാർഷിലെ മരിയൻ സെന്‍റർ ദേവാലയത്തിൽ തിരുക്കർമങ്ങൾ ആരംഭിക്കുന്നത്.

മെൽബണ്‍, ബല്ലാരറ്റ്, ബെൻഡിഗൊ, ജീലോംഗ്, ഹോർഷം എന്നീ സ്ഥലങ്ങളിലെ സീറോ മലബാർ വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുക്കും. മെൽബണ്‍ സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, സെന്‍റ് മേരീസ് മെൽബണ്‍ വെസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം നാടുകുന്നേൽ എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.

കഴിഞ്ഞ പത്തുവർഷമായി മെൽബണിലെയും പരിസര പ്രദേശങ്ങളിലെയും വിശ്വാസികൾ ബക്കസ് മാർഷ് മലമുകളിലാണ് തിരുക്കർമങ്ങൾക്കായി ഒരുമിച്ചു കൂടുന്നത്. മുൻ വർഷങ്ങളിലെ പോലെ അയ്യായിരത്തോളം പേർ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ എത്തിചേരുമെന്ന് പ്രതീക്ഷിക്കുì.

മലമുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിപുലമായ സൗകര്യങ്ങളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്.

കത്തീഡ്രൽ ഇടവകയിലെ പെസഹാ വ്യാഴാഴ്ചയിലെ തിരുക്കർമങ്ങൾ റോക്സ്ബർഗ് പാർക്കിലെ ഗുഡ് സമരിറ്റൻ ദേവാലയത്തിലും റിസെവോർ സെന്‍റ് സ്റ്റീഫൻസ് ദേവാലയത്തിലും വൈകുന്നേരം ഏഴിനും ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾ ശനി വൈകുന്നേരം ഏഴിനും ആരംഭിക്കും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ