ലോകത്തിൽ ജലദൗർലഭ്യമുള്ള പത്തിലൊരു നഗരം ബംഗളൂരു
Friday, March 30, 2018 2:28 AM IST
ബംഗളൂരു: കുടിവെള്ളക്ഷാമത്തിൽ വീർപ്പുമുട്ടുന്ന ബംഗളൂരുവിന് ഇരട്ടപ്രഹരമായി പുതിയ കണക്കുകൾ. ലോകത്തിൽ ഏറ്റവും ജലദൗർലഭ്യം നേരിടുന്ന പത്തു നഗരങ്ങളിൽ ബംഗളൂരുവും ഇടംപിടിച്ചു. സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. അനധികൃത കൈയേറ്റവും നിർമാണപ്രവർത്തനങ്ങളും മൂലം നഗരത്തിലെ ജലാശയങ്ങളുടെ എണ്ണം 79 ശതമാനത്തോളം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. നഗരത്തിലെ ഭൂഗർഭജലനിരപ്പ് അപകടകരമാംവിധം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റിന്‍റെ കണക്കുകൾ പ്രകാരം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ആണ് ലോകത്തിലെ ഏറ്റവും ജലദൗർലഭ്യം അനുഭവപ്പെടുന്ന നഗരം. ബെയ്ജിംഗ് (ചൈന), മെക്സിക്കോ സിറ്റി (മെക്സിക്കോ), സന (യെമൻ), നയ്റോബി (കെനിയ), ഈസ്താംബുൾ (തുർക്കി), സംപൗളോ (ബ്രസീൽ), കറാച്ചി (പാക്കിസ്ഥാൻ), ബുവാനോസ് ആരീസ് (അർജന്‍റീന), കാബൂൾ (അഫ്ഗാനിസ്ഥാൻ) എന്നിവയാണ് പട്ടികയിലുള്ള മറ്റു നഗരങ്ങൾ.