ലൈംഗികാരോപണം: നോബൽ അക്കാദമി മേധാവി രാജിവച്ചു
Saturday, April 14, 2018 12:55 AM IST
സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകി വരുന്ന സ്വീഡിഷ് അക്കാദമിയുടെ മേധാവി സാറാ ഡാനിയസ് രാജിവച്ചു. അക്കാദമി അംഗങ്ങളിലൊരാളുടെ ഭർത്താവ് ഉൾപ്പെട്ട ലൈംഗികാരോപണത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യപ്പെട്ട രീതി വിമർശന വിധേയമായ പശ്ചാത്തലത്തിലാണ് രാജി.

ആരോപണവിധേയൻ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. എന്നാൽ, താൻ പെർമനന്‍റ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നത് അക്കാദമിയുടെ ആഗ്രഹമായിരുന്നുവെന്ന് സാറ ഡാനിയസ് പറയുന്നു.

അക്കാദമി അംഗം കാതറീന ഫ്രോസ്റ്റൻസണിന്‍റെ ഭർത്താവ് ഴാങ് ക്ലോദ് ആർനോൾട്ടാണ് ആരോപണം നേരിടുന്നത്. കഴിഞ്ഞ നവംബറിൽ മീ ടൂ കാന്പയിനിന്‍റെ വെളിച്ചത്തിൽ 18 സ്ത്രീകളാണ് ഇയാൾക്കെതിരേ ആരോപണം ഉന്നയിച്ചത്.

കാതറീനയെ പുറത്താക്കാൻ കഴിഞ്ഞ ആഴ്ച അക്കാദമി വോട്ടെടുപ്പിൽ തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മറ്റു മൂന്നു അംഗങ്ങൾ രാജിവച്ചു. സ്റ്റോക്ക്ഹോമിൽ കൾച്ചറൽ ക്ലബ് നടത്തുവരുന്ന ആർനോൾട്ടുമായുള്ള എല്ലാ ഇടപാടുകളും അക്കാദമി അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം, അക്കാദമിയുടെ ഭരണഘടന അനുസരിച്ച് 18 അംഗങ്ങളിൽ ആർക്കും രാജിവയ്ക്കാൻ സാധിക്കില്ല. പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കാൻ മാത്രമേ സാധിക്കൂ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ