ഹെർബർട്ട് ഡയസ് ഫോക്സ്വാഗൻ മേധാവി
Saturday, April 14, 2018 1:02 AM IST
ബർലിൻ: ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ് വാഗന്‍റെ തലപ്പത്തേക്ക് ഹെർബർട്ട് ഡയസ് നിയമിതനായി. ഡീസൽ തട്ടിപ്പ് വിവാദം പൊട്ടിപുറപ്പെട്ട ശേഷം നിയമിതനായ മത്യാസ് മ്യുള്ളറെ മാറ്റിയാണ് ഡയസിനെ ചുമതലയേൽപ്പിച്ചിരിക്കുന്നത്.

യൂണിയനുകളുമായി നിരന്തരം ശത്രുത പുലർത്തുന്ന മേലുദ്യോഗസ്ഥൻ എന്ന പേരിൽ കുപ്രസിദ്ധനാണ് ഡയസ്. അദ്ദേഹത്തിന്‍റെ ചെലവുചുരുക്കൽ നയങ്ങൾ അതിലേറെ കുപ്രസിദ്ധം.

ഓഡിയും പോർഷെയും അടക്കമുള്ള ബ്രാൻഡുകൾ ഫോക്സ്വാഗൻ സാമ്രാജ്യത്തിൽ ഉൾപ്പെടുന്നതാണ്. മുഴുവൻ കന്പനിയുടെയും തലവനായാണ് ഡയസിന്‍റെ നിയമനം.

ഫോക്സ്വാഗന്‍റെ ഏറ്റവും വലിയ വിപണിയായ ചൈനയ്ക്കായി പ്രത്യേക വിഭാഗം തന്നെ ആരംഭിക്കാനാണ് തീരുമാനം. ആകെയുള്ള 12 ബ്രാൻഡുകൾക്കായി ആറു പുതിയ ഡിവിഷനുകൾ രൂപീകരിക്കും. എന്തായാലും ഡയസിന്‍റെ കീഴിൽ പുതിയ മുഖവുമായി ഫോക്സ്വാഗൻ ഇനി ആഗോളതലത്തിൽ വിളങ്ങുമെന്നു തീർച്ച.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ