സഖ്യകക്ഷികൾ സിറിയയിൽ വ്യോമാക്രമണം തുടങ്ങി
Saturday, April 14, 2018 8:58 PM IST
ഡമാസ്കസ്: സിറിയൻ സർക്കാർ സ്വന്തം ജനതയ്ക്കുമേൽ രാസായുധം പ്രയോഗിച്ചെന്നാരോപിച്ച് യുഎസും ഫ്രാൻസും ബ്രിട്ടനും സിറിയയിൽ വ്യോമാക്രമണം തുടങ്ങി. റോക്കറ്റ് ആക്രമണമാണു നടത്തിയതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.

ശനിയാഴ്ച പുലർച്ചെ 3.10ന് യുഎസാണ് ആക്രമണത്തിനു തുടക്കം കുറിച്ചത്. രാസായുധം ശേഖരിച്ചിരിക്കുന്നു എന്നു പറയുന്ന സ്ഥലങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം. റഷ്യയ്ക്കും ഇറാനും കൂടി തിരിച്ചടി നൽകണമെന്ന നിലപാടിലാണ് ട്രംപ് എന്നാണ് സൂചന.

അതേസമയം, സിറിയയിൽ രാസായുധ പ്രയോഗം നടത്തിയത് ഒരു വിദേശ ശക്തിയുടെ സഹായത്തോടെയാണെന്നതിനു തെളിവു കിട്ടിയതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. റഷ്യ വിരുദ്ധ പ്രചാരണത്തിനു മുന്നിൽ നിൽക്കുന്ന ഒരു രാജ്യത്തിന്‍റെ ചാര സംഘടനയാണ് ഇതിനു പിന്നിലെന്നും ബ്രിട്ടന്‍റെ പേരെടുത്തു പറയാതെ ലാവ്റോപ് ആരോപിച്ചു.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലെ ഡ്രിയാൻ വിദേശ സന്ദർശന പരിപാടികൾ റദ്ദാക്കി. അൽബേനിയയും സ്ലോവേനിയയിലും സന്ദർശനം നടത്താനിരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ