ജർമനിയിൽ അപരിചിതൻ കുട്ടിയെ തട്ടിയെടുത്തു ട്രെയിനിനു മുന്നിൽ ചാടി
Saturday, April 14, 2018 9:03 PM IST
ബർലിൻ: ജർമനിയിൽ അഞ്ചു വയസുകാരനെ തട്ടിയെടുത്തു അപരിചിതൻ ട്രെയിനിനു മുന്നിൽ ചാടി. വീഴ്ച പാളത്തിനു കുറുകെയല്ലാഞ്ഞതിനാൽ ഇരുവരുടെയും ജീവൻ നഷ്ടമായില്ല.

ഡ്യുസൽഡോർഫിനടുത്തുള്ള വുപ്പർട്ടാൽ സ്റ്റേഷനിൽ, അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുകയായിരുന്ന അഞ്ചു വയസുകാരനേയും തട്ടിയെടുത്താണ് ഇരുപത്തിമൂന്നുകാരൻ ട്രെയിനിനു മുന്നിലേക്കു ചാടിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട എൻജിൻ ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചെയ്തതിനാൽ ഇരുവരുടെയും മുകളിലൂടെ മീറ്ററുകളോളം കടന്നുപോയ ശേഷമാണ് ട്രെയിൻ നിന്നത്. കുട്ടിയെ നിസാര പരിക്കുകളോടെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിക്കു പരിക്കൊന്നുമില്ല.

ജനക്കൂട്ടമാണ് പ്രതിയെ പിടികൂടി, പോലീസ് എത്തുന്നതുവരെ തടഞ്ഞു വച്ചത്. അക്രമത്തിനുണ്ടായ പ്രേരണ എന്തെന്നു വ്യക്തമല്ല. ഇയാൾ മുന്പു തന്നെ പോലീസിന്‍റെ നോട്ടപ്പുള്ളിയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ