ജ്വാല ഇ മാഗസിൻ ഏപ്രിൽ ലക്കം പുറത്തിറങ്ങി
Saturday, April 21, 2018 6:38 PM IST
ലണ്ടൻ: ജെസി ഡാനിയേൽ പുരസ്കാര ജേതാവ് ശ്രീകുമാരൻ തന്പിക്ക് ആശംസകളുമായി യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്‍റെ ഏപ്രിൽ ലക്കം പ്രസിദ്ധീകരിച്ചു.

ഭാരതത്തിൽ ദിവസേനഎന്നോണം നടക്കുന്ന കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ ഭാരതത്തെ ലോകത്തിന്‍റെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ട അവസ്ഥയിൽ എത്തിച്ചിരിക്കുന്നു എന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. എപ്പോഴും വിമർശനങ്ങൾ നേരിടുന്ന കേരള സർക്കാർ ചലച്ചിത്ര അവാർഡുകൾ ഇത്തവണ ചരിത്രം സൃഷ്ടിച്ചു. നല്ല നടനുള്ള അവാർഡ് നേടിയ ഇന്ദ്രൻസിനേയും ജെസി ഡാനിയേൽ പുരസ്കാരം നേടിയ ശ്രീകുമാരൻ തന്പിയേയും പ്രത്യേകം അഭിനന്ദിച്ചു.

ശ്രീകുമാരൻ തന്പിയുടെ ജീവിതത്തെ വിലയിരുത്തി സംഗീത നായർ എഴുതിയ ശ്രീകുമാരൻ തന്പി ചലച്ചിത്ര പ്രതിഭ എന്ന ലേഖനം ഇ ലക്കത്തിന്‍റെ ഈടുറ്റ രചനയാണ്. വായനക്കാരുടെ ഇഷ്ട പംക്തി ജോർജ് അറങ്ങാശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ ഇത്തവണ വളരെ രസകരമായ ഒരു അനുഭവം വിവരിക്കുന്നു. ബാബു ആലപ്പുഴയുടെ നർമ്മകഥ മദ്യം മണക്കുന്നു ആനുകാലിക വിഷയം രസകരമായി എഴുതിയിരിക്കുന്നു.

യുകെയിലെ എഴുത്തുകാരായ ബീന റോയ് എഴുതിയ അയനം എന്ന കവിതയും
നിമിഷ ബേസിൽ എഴുതിയ മരണം എന്ന കവിതയും അർഥ സന്പുഷ്ടമായ രചനകളാണ്. മാത്യു ഡൊമിനിക് രചിച്ച സ്മൃതിയുടെ വീഥിയിൽ എന്ന കവിത രഞ്ജിത്കുമാറിന്‍റെ ഓർമ നമ്മിൽ ഉണർത്തും. സി.വി.കൃഷ്ണകുമാർ എഴുതിയ പഠനസാമഗ്രികൾ, സുനിൽ ചെറിയാൻ എഴുതിയ രണ്ടേ നാല്, ഡോ. അപർണ നായർ എഴുതിയ മോളിക്കുട്ടിയുടെ ട്രോളി എന്നീ കഥകൾ ജ്വാലയുടെ കഥ വിഭാഗത്തെ സന്പന്നമാക്കുന്നു. വി.കെ. പ്രഭാകരന്‍റെ എഴുതിയ ഓർമകൾ ഭഗവൻ പുലിയോടു സംസാരിക്കുന്നു, രശ്മി രാധാകൃഷ്ണൻ രചിച്ച യാത്രാനുഭവം പാട്ടായ അഥവാ കടലിനു തീറെഴുതിയ നഗരം വായനയുടെ വിശാലമായ ലോകത്തേക്ക് വായനക്കാരെ നയിക്കുന്നു.

ഏപ്രിൽ ലക്കം വായിക്കുവാൻ https://issuu.com/jwalaemagazine/docs/april_2018 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

റിപ്പോർട്ട്: റജി നന്തികാട്ട്