ആഗോളീകരണത്തിൽ നിന്നു സംരക്ഷണം വേണമെന്ന് ജർമൻ ജനത
Saturday, April 21, 2018 8:10 PM IST
ബർലിൻ: രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയെ വിദേശ മത്സരാർഥികളിൽനിന്നു സംരക്ഷിക്കാൻ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജർമൻ ജനതയിൽ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നു. ബെർട്ടൽസ്മാൻ ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ, 57 ശതമാനം പേരാണ് ആഗോളീകരണത്തിൽ നിന്നു സംരക്ഷണം വേണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

ആഗോളീകരണത്തിന്‍റെ ദൂഷ്യ ഫലങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ വേണ്ടതു ചെയ്യുന്നില്ലെന്ന് 52 ശതമാനം പേർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഭൂരിപക്ഷം പേരും ആഗോളീകരണത്തിന് എതിരല്ല താനും.

ആഗോളീകരണത്തിനു ലോകത്തിനു മേൽ മോശമായ സ്വാധീനമാണു ചെലുത്തുന്നതെന്ന് അഭിപ്രായപ്പെട്ടത് 31 ശതമാനം പേർ മാത്രം. നാല്പതു ശതമാനം പേരും ആഗോളീകരണത്തെ പൂർണമായി പോസിറ്റീവായി കാണുന്നു. ജർമനിയും മറ്റും രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ 70 ശതമാനം പേരും പോസിറ്റിവായി കാണുന്നു. 2016ൽ ഇത് 56 ശതമാനം മാത്രമായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ