ഇന്ത്യയും ജർമനിയും വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ധാരണ
Saturday, April 21, 2018 8:16 PM IST
ബർലിൻ: ഹ്രസ്വസന്ദർശനത്തിനായി ബർലിനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമൻ ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കണ്ടു. മോദിയുടെ അഞ്ചുദിന യൂറോപ്യൻ പര്യടനത്തിനൊടുവിൽ വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 7.30 ന് ബർലിനിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജർമൻ സ്ഥാനപതി ഡോ.മാർട്ടിൻ നെയി, ജർമനിയിലെ ഇന്ത്യൻ സ്ഥാനപതി മുക്ത ദത്ത ടൊമാർ എന്നിവർ ചേർന്നു സ്വീകരിച്ചു.

ഗാർഡ് ഓഫ് ഹോണറിനു ശേഷം ചാൻസലർ കാര്യാലയത്തിലെത്തിയ മോദിയെ ജർമൻ ചാൻസലർ ആംഗല മെർക്കൽ സ്വീകരിച്ചു. കാര്യാലയ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയ മെർക്കൽ ഇന്ത്യ, ജർമനിയുടെ കരുത്തുറ്റ വ്യവസായിക, ബിസിനസ് പങ്കാളിയെന്നു വിശേഷിപ്പിച്ചു. ചർച്ചകൾക്കുശേഷം മെർക്കൽ ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു.

മെർക്കൽ നാലാം തവണയും ജർമൻ ചാൻസലറായി അധികാരമേറ്റ ശേഷം മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. മോദിയുടെ നാലാം ജർമൻ സന്ദർശനവും. മെർക്കലിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ബർലിനിൽ എത്തിയത്.

ബ്രെക്സിറ്റ് നടപ്പാവുന്നതോടെ യൂറോപ്യൻ യൂണിയനും പ്രത്യേകിച്ച് ഇന്തോ ജർമൻ വ്യാപാര ബന്ധം വീണ്ടും ശക്തിപ്പെടുമെന്നും ഇരുവരും തമ്മിൽ നടത്തിയ ചർച്ചകൾക്കുശേഷം വെളിപ്പെടുത്തി. വിവിധ വിഷയങ്ങൾക്കൊപ്പം ഇന്ത്യ - ചൈന ബന്ധത്തിന്‍റെ ഭാവിയും ചർച്ചയായി. ചൈനയുമായും ഇന്ത്യയുമായും ജർമനിക്ക് നല്ല ബന്ധമുള്ളതിനാൽ, ഇന്ത്യ - ചൈന ബന്ധത്തിന്‍റെ ഭാവിയിൽ തങ്ങൾക്കു സവിശേഷ താത്പര്യം കാത്തുസൂക്ഷിക്കുമെന്ന് ജർമൻ സർക്കാർ വക്താവ് പറഞ്ഞു. ഏഷ്യയുടെ ഭാവിക്ക് ചൈനയും ഇന്ത്യയും പ്രധാനമാണ്. മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുക എന്നത് ഇന്ത്യ - ചൈന ബന്ധത്തിന്‍റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് ജർമനിയുടെ താത്പര്യ വിഷയമാണെന്നു വക്താവ് അഭിപ്രായപ്പെട്ടു.

ജർമനിയുടെ പൊതുവായ സാന്പത്തിക താല്പര്യങ്ങൾ ഇന്ത്യയുമായി ഭാവിയിൽ ഉൗട്ടിയറപ്പിക്കാനാകുമെന്ന് ജർമൻ ഗവണ്‍മെന്‍റിന്‍റെ വക്താവ് സ്റ്റെഫാൻ സൈബർട്ട് പറഞ്ഞു.

ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ ജർമനിയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പരസ്പര മോഹങ്ങൾ ഈ സന്ദർശനം തെളിയിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ വക്താവും ഫ്രാങ്ക്ഫർട്ടിലെ മുൻ കോണ്‍സൽ ജനറലുമായ രവീഷ്കുമാർ പറഞ്ഞു.

തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനാണ് ഞങ്ങൾ കൂടിക്കണ്ടത്. ഉയർന്ന തലത്തിലുള്ള സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉത്തേജനം നിലനിർത്താൻ നേതാക്കൾ പ്രതിജ്ഞാ ബദ്ധമാണെന്ന് തെളിയിക്കുന്ന കൂടിക്കാഴ്ചയാണുണ്ടായത്.കഴിഞ്ഞ മാസം ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുടെ ഇന്ത്യ സന്ദർശനത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക, വ്യാപാര തന്ത്രപ്രധാന ബന്ധം വളർത്താനുള്ള നീക്കവും ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയിരുന്നു.

യൂറോപ്യൻ യൂണിയൻ ബ്ലോക്കിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ജർമനിയാണ്. 2016/17ൽ, ജർമനിയുടെ ഉഭയകക്ഷി വ്യാപാരം 18,76 ട്രില്യണ്‍ ഡോളർ ആയി ഉയർന്നു. ഇന്ത്യ 7.18 ഡോളർ ട്രില്യണ്‍ രൂപയുടെ സാധനങ്ങൾ ജർമനിയിലേയ്ക്ക് കയറ്റുമതി ചെയ്തപ്പോൾ 11:58 ഡോളർ ട്രില്യണ്‍ രൂപയുടെ ജർമൻ ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്തു.

യൂറോപ്യൻ പര്യടനത്തിന്‍റെ ഭാഗമായി ഏപ്രിൽ 17 ന് സ്വീഡൻ സന്ദർശിച്ച മോദി സ്റ്റോക്ഹോമിൽ നോർഡിക് ഉച്ചകോടിയിൽ ഫിൻലാന്‍റ,് നോർവേ, ഡെൻമാർക്ക്, ഐസ്ലാന്‍റ് എന്നീ രാഷ്ട്രത്തലവ·ാരുമായി കൂടിക്കണ്ടിരുന്നു. തുടർന്നു ബ്രിട്ടനിലെത്തി പ്രധാനമന്ത്രി തെരേസാ മേ, എലിസബത്ത് രാജ്ഞി, ചാൾസ് രാജകുമാരൻ എന്നിവരെ സന്ദർശിച്ചശേഷം കോമണ്‍വെൽത്ത് ഉച്ചകോടിയിലും പങ്കെടുത്തശേഷമാണ് മോദി ജർമനിയിലെത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ