ബ്രിട്ടീഷ് രാജകുടുംബത്തിൽ പുതിയൊരംഗം കൂടി; വില്യം കെയ്റ്റ് ദന്പതികൾക്ക് മൂന്നാമത്തെ കുട്ടി പിറന്നു
Tuesday, April 24, 2018 2:45 AM IST
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ പുതിയൊരു അംഗം കൂടി എത്തുന്നു. ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് എഡിൻബറോ എന്ന ഒൗദ്യോഗിക വിശേഷണത്തിൽ അറിയപ്പെടുന്ന വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിക്കും മൂന്നാമതൊരു കുട്ടികൂടി പിറന്നു. സെൻട്രൽ ലണ്ടനിലെ പാഡിംഗ്ടണ്‍ സെന്‍റ് മേരീസ് ആശുപത്രിയുടെ സ്വകാര്യ

വിംഗായ ലിൻഡോയിലാണ് പുതിയ ആണ്‍കുട്ടി പിറന്നത്. ബ്രിട്ടീഷ് സമയം തിങ്കളാഴ്ച രാവിലെ 11.01 നാണ് 3.8 കിലോ തൂക്കമുള്ള രാജകുമാരന്‍റെ ജനനം.

എലിസബത്ത് രാജ്ഞിയുടെ 92-ാം ജന്മദിനാഘോഷം തീരുന്നതിനു മുന്പേതന്നെ കുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായി വില്യം കെയ്റ്റ് ദന്പതിമാർക്ക് മൂന്നാമത്തെ കുട്ടിയുടെ ജനനം കുടുംബത്തിൽ അതിമധുരമായി.

എലിസബത്ത് രാജ്ഞിയുടെ ആറാമത്തെ ചെറു പേരക്കുട്ടിയായി ജനിച്ച ആണ്‍കുഞ്ഞിന് ഇതുവരെ പേരിട്ടിട്ടില്ല. രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്‍റെ പേരായിരിക്കും ഈ കുഞ്ഞിന് നൽകുക എന്നറിയുന്നു.

പ്രിൻസ് ജോർജ് 2013 ലും പ്രിൻസസ് ഷാർലറ്റ് 2015 ലുമാണ് ജനിച്ചത്.
കിരീടാവകാശത്തിലും ഈ കുഞ്ഞ് ഏറെ പിന്നിലാണ്. എലിസബത്ത് രാജ്ഞിക്കു ശേഷം ചാൾസ് രാജകുമാരനാണ് ബ്രിട്ടനിൽ രാജാവാകുന്നത്. ചാൾസിന്‍റെ പിൻഗാമിയായി വില്യം രാജകുമാരനും വില്യമിനുശേഷം മൂത്തമകൻ ജോർജ് രാജകുമാരനുമാകും കിരീടാവകാശം ലഭിക്കുക. ജോർജിന്‍റെയും സഹോദരി ഷാർലറ്റിന്‍റെയും പിന്നിലായിരിക്കും നവജാതകുമാരന്‍റെ പിന്തുടർച്ചാധികാരവും സ്ഥാനവും.

രാജകുമാരന്‍റെ ജനനത്തിൽ രാജ്യമെങ്ങും ആഹ്ലാദാരവങ്ങളാണ് ഉയരുന്നത്. പ്രധാനമന്ത്രി തെരേസ മേയും ലോകനേതാക്കളും പുതിയ കുട്ടിക്ക് ആശംസകൾ നേർന്നു.

ചാൾസ് ഡയാന ദന്പതികളുടെ രണ്ടാമത്തെ പുത്രൻ ഹാരി രാജകുമാരന്‍റെ വിവാഹത്തിനായി കെൻസിംഗ്ടണ്‍ കൊട്ടാരം ഒരുങ്ങുന്നതിനിടയിലെ പുതിയ രാജകുമാരന്‍റെ വരവ് ഏറെ സന്തോഷം പകരുന്നതായി കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ