ബ്രിസ്ക സർഗോത്സവത്തിന് ഉജ്ജ്വല സമാപനം
Tuesday, April 24, 2018 2:53 AM IST
ബ്രിസ്റ്റോൾ: ബ്രിസ്ക സർഗോത്സവം സർഗപ്രതിഭകളുടെ പോരാട്ടവേദിയായി മാറിയപ്പോൾ ആവേശവും ആകാംക്ഷയും വാനോളം ഉയർന്നു. പങ്കെടുത്തവരെയും സംഘാടകരെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് ബ്രിസ്റ്റോൾ സൗത്ത്മീഡ് സെന്‍ററിൽ ബ്രിസ്ക സർഗോത്സവം പ്രൗഢഗംഭീരമായി കൊണ്ടാടിയത്. രാവിലെ ബ്രിസ്ക പ്രസിഡന്‍റ് മാനുവൽ മാത്യു സർഗോത്സവം ഉദ്ഘാടനം ചെയ്തു. ബ്രിസ്ക ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

കുട്ടികളുടെ പെയ്ന്‍റിംഗ് മത്സരത്തോടെ മത്സരങ്ങൾ ആരംഭിച്ചു. അഞ്ചു വിഭാഗങ്ങളായാണ് മത്സരങ്ങൾ അരങ്ങേറിയത്. വൈകുന്നേരം വരെ നീണ്ട മത്സരങ്ങൾക്കൊടുവിൽ വിവിധ ഗ്രൂപ്പുകളിൽനിന്നായി ക്രിസ്റ്റൽ ജിനോയി, ഇമ്മാനുവൽ ലിജോ, ഒലീവിയ ചെറിയാൻ, ലിയോ ടോം ജേക്കബ്, റിയ ജോർജ്, ഗോഡ് വിൻ സെബാസ്റ്റ്യൻ, റോസ്മി ജിജി എന്നിവരെ കലാപ്രതിഭയായും കലാതിലകവുമായി തെരഞ്ഞെടുത്തു.

സമാപന സമ്മേളനത്തിൽ ദാന്പത്യത്തിന്‍റെ 25 വർഷം പൂർത്തിയാക്കിയ ജോണി ലൗലി ദന്പതികളെ ബ്രിസ്ക സർഗോത്സവത്തിന്‍റെ ആദരവറിയിച്ച് പൊന്നാട അണിയിച്ചു. പൊതുസമ്മേളനത്തിൽ സമ്മാനങ്ങൾ വിജയികളായ മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്നു ബ്രിസ്റ്റോളിലെ കലാകാര·ാർ ഒരുക്കിയ ഗാനമേളയും അരങ്ങേറി.

ബ്രിസ്ക സർഗോത്സവേദിയിൽ കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് കൗണ്ടർ സവിശേഷ അനുഭവമായി. സജീ മാത്യുവാണ് ഫുഡ് കൗണ്ടറിന് നേതൃത്വം നൽകിയത്.

ബ്രിസ്ക സെക്രട്ടറി പോൾസണ്‍ മേനാച്ചേരി, ആർട്സ് ക്ലബ് കോർഡിനേറ്റർമാരായ സെബാസ്റ്റ്യൻ ലോനപ്പൻ, സന്ദീപ്, റെജി, വൈസ് പ്രസിഡന്‍റ് ബിജു പപ്പാരിൽ, ബ്രിസ്ക ട്രഷറർ ബിജു, ബ്രിസ്ക എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജെഗി ജോസഫ്