കേളി അന്താരാഷ്ട്ര കലാമേള: രജിസ്ട്രേഷൻ പൂർത്തിയായി
Wednesday, April 25, 2018 2:03 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന യുവജനോത്സവം കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായതായി കണ്‍വീനർ ബിന്ദു മഞ്ഞളി അറിയിച്ചു.

മേയ് 19, 20 തീയതികളിൽ സൂറിച്ചിലെ ഫെറാൽടോർഫിലാണ് കലാമാമാങ്കം അരങ്ങേറുക. മത്സരാർഥികളുടെ എണ്ണത്തിലും രജിസ്ട്രേഷനിലും വൻ വർധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. മുന്നൂറോളം രജിസ്ട്രേഷനും ഇരുന്നൂറോളം വ്യക്തിഗത മത്സരാർഥികളും മേളയിൽ ഉണ്ടായിരിക്കും. രാത്രിയും പകലുമായി നടക്കുന്ന കലാമേള മൂന്നു സ്റ്റേജുകളിലായാണ് ഒരുക്കിയിരിക്കുന്നത്. നൂറോളം വോളന്‍റിയർമാർ കലാമേളയുടെ വിവിധ കമ്മിറ്റികളിലൂടെ സേവനം ചെയ്യും.

ഏഷ്യയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സൂര്യ ഇന്ത്യാ, ഇന്ത്യൻ എംബസി ബേണ്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്ത്യൻ കലകളുടെ മത്സരവേദി ഒരുങ്ങുക. മത്സര വിജയികൾക്ക് ട്രോഫിയും സെർട്ടിഫിക്കറ്റും നൽകി ആദരിക്കും. വിശിഷ്ട അവാർഡുകളായ സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ എന്നിവ ഏറ്റവും നല്ല കലാപ്രതിഭകൾക്ക് സമ്മാനിക്കും. നൃത്ത്യേതര ഇനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വക്കുന്ന പ്രതിഭയ്ക്ക് ഫാ.ആബേൽ മെമ്മോറിയൽ ട്രോഫിയും നൃത്ത ഇനങ്ങളിലെ മികച്ച വ്യക്തിക്ക് കേളി കലാരത്ന ട്രോഫിയും സമ്മാനിക്കും. മീഡിയ ഇനങ്ങളായ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം, ഓപ്പണ്‍ പെയിന്‍റിംഗ് ഇനങ്ങളിൽ ജനപ്രിയ അവാർഡും സമ്മാനിക്കും. ഏറ്റവും മികച്ച ഷോർട്ട് ഫിലിമിന് 25000 രൂപ കാഷ് പ്രൈസും സമ്മാനിക്കും.

ഇന്ത്യൻ അംബാസഡർ സിബി ജോർജ് മുഖ്യാതിഥി ആയിരിക്കുന്ന മേളയിൽ ഇന്ത്യൻ ഭക്ഷണങ്ങളുടെ കലവറയും ഉണ്ടായിരിക്കുമെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ