സ്വീഡനിൽ മോദിക്ക് ഭക്ഷണമൊരുക്കിയത് ഇന്ത്യൻ സംരംഭകൻ
Wednesday, April 25, 2018 9:27 PM IST
സ്റ്റോക്ക്ഹോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീഡൻ സന്ദർശന വേളയിൽ മോദിക്കും സ്വീഡിഷ് പ്രധാനമന്ത്രി ലോഫ്വെനും ഭക്ഷണമൊരുക്കിയത് ഇന്ത്യൻ വംശജനായ വ്യവസായ സംരംഭകൻ.

സ്വീഡനിലെ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് റസ്റ്ററന്‍റുകളുടെയും ഫുഡ് ട്രക്കുകളുടെയും ഉടമയായ ധീരജ് സിംഗാണ് ഈ വിവിഐപി ഷെഫ്.

മുപ്പതു വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്വീഡൻ സന്ദർശിക്കുന്നത്. അദ്ദേഹം ഇവിടെയുണ്ടായിരുന്ന രണ്ടു ദിവസവും ഭക്ഷണം തയാറാക്കിയത് ധീരജിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു.

2015ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി സ്വീഡൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും ഭക്ഷണം തയാറാക്കാനും സ്വീഡിഷ് രാജകുടുംബാംഗങ്ങൾക്കു ഭക്ഷണമൊരുക്കാനും ധീരജ് നേരത്തെ പ്രത്യേകം ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

സ്വീഡനിലെ ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന അത്യപൂർവം ഇന്ത്യക്കാരിലൊരാളാണ് ധീരജ് സിംഗ്. ഇന്ത്യൻ എന്ന പേരിൽ പ്രവർത്തിക്കുന്ന മറ്റു പല റസ്റ്ററന്‍റുകളും യഥാർഥത്തിൽ ബംഗ്ലാദേശികളുടേതാണ്.

മോദിക്കായി ആകെ 220 വെജിറ്റേറിയൻ വിഭവങ്ങളാണ് ധീരജും സംഘവും തയാറാക്കിയത്. അദ്ദേഹം തന്‍റെ ഭക്ഷണത്തെ പ്രത്യേകം അഭിനന്ദിച്ചതായും ധീരജ് പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ