നടി പൂജ ഗാന്ധി ജെഡി-എസിൽ തിരികെയെത്തി
Friday, April 27, 2018 12:06 AM IST
ബംഗളൂരു: നടി പൂജ ഗാന്ധി ജെഡി-എസിൽ തിരികെയെത്തി. ബംഗളൂരുവിലെ പാർട്ടി ഓഫീസിലെത്തിയാണ് അവർ അംഗത്വം സ്വീകരിച്ചത്. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെങ്കിലും പൂജ ജെഡി-എസ് സ്ഥാനാർഥികൾക്കായി സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്നാണ് റിപ്പോർട്ട്.

2012ൽ ജെഡി-എസ് വിട്ട പൂജ ബി.എസ്. യെദ്യൂരപ്പയുടെ കെജെപിയിൽ ചേർ‌ന്നിരുന്നു. യെദ്യൂരപ്പ തിരികെ ബിജെപിയിലെത്തിയപ്പോൾ കെജെപി വിട്ട പൂജ പിന്നീട് ശ്രീരാമുലുവിന്‍റെ നേതൃത്വത്തിലുള്ള ബദവര ശ്രമികര റൈതര കോൺഗ്രസ് പാർട്ടിയിൽ (ബിഎസ്ആർസിപി) ചേർന്നു. 2013ൽ റായ്ച്ചൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനില്ക്കാൻ പൂജ തീരുമാനിക്കുകയായിരുന്നു.

ചലച്ചിത്രതാരങ്ങളെയടക്കം പാർട്ടിയിലെത്തിക്കാനുള്ള ജെഡി-എസ് ശ്രമത്തിന്‍റെ ഭാഗമായാണ് പൂജയുടെ പാർട്ടിപ്രവേശം. കഴിഞ്ഞ ദിവസം നടി അമൂല്യയും രാഷ്ട്രീയപ്രവേശം നടത്തിയ നടൻ ശശികുമാറും ജെഡി-എസ് അംഗത്വമെടുത്തിരുന്നു.