ബവേറിയയിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും കുരിശ് സ്ഥാപിക്കും
Friday, April 27, 2018 12:17 AM IST
ബർലിൻ: ജർമൻ സ്റ്റേറ്റായ ബവേറിയയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും കുരിശ് സ്ഥാപിക്കാൻ സ്റ്റേറ്റ് സർക്കാർ ഉത്തരവിട്ടു. ഇതു മത ചിഹ്നമായല്ല കാണേണ്ടതെന്നും ബവേറിയൻ സ്വത്വത്തിന്‍റെയും ക്രിസ്തീയ മൂല്യങ്ങളുടെയും പ്രതീകമായി വേണം കാണാനെന്നും സംസ്ഥാന മുഖ്യമന്ത്രി മാർക്കുസ് സോഡർ.

അതേസമയം, മതവികാരം അനുകൂലമാക്കി അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ഇത്തരമൊരു നീക്കത്തിലൂടെ ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്റ്റേറ്റിലെ പൊതു വിദ്യാലയ ക്ലാസ് മുറികളിലും കോടതി മുറികളിലും നേരത്തെ തന്നെ കുരിശ് നിർബന്ധമാണ്.

എല്ലാ സർക്കാർ കെട്ടിടങ്ങളിലും കുരിശ് എന്ന നിർദേശം ജൂണ്‍ ഒന്നിന് പ്രാബല്യത്തിൽ വരും. മുനിസിപ്പൽ, ഫെഡറൽ ഗവണ്‍മെന്‍റ് കെട്ടിടങ്ങൾക്ക് ഇതു ബാധകമാകില്ല. റോമൻ കത്തോലിക്കാ ഭൂരിപക്ഷമുള്ള സ്റ്റേറ്റാണ് ബവേറിയ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ