കേരള സമാജം മ്യൂണിക്ക് ഈസ്റ്റർ വിഷു ആഘോഷിച്ചു
Friday, April 27, 2018 12:30 AM IST
മ്യൂണിക്ക്: മ്യൂണിക്കിലെ മലയാളി കൂട്ടായ്മയായ കേരള സമാജം മ്യൂണിക്ക് സംഘടിപ്പിച്ച ഈസ്റ്റർ വിഷു ആഘോഷം കെങ്കേമമായി.

ഈസ്റ്ററിന്‍റെ പ്രതീക്ഷകളും വിഷുവിന്‍റെ ഐശ്വര്യവും നിറച്ച ഗൃഹാ തുരസ്മരണകൾ ഒരിക്കൽക്കൂടി മനോമുകുരത്തിൽ അയവിറക്കിയ ആഘോഷം ഏപ്രിൽ 14 ന് മ്യൂണിക്ക്, ഹാറിലെ സെന്‍റ് ബോണിഫാറ്റിയൂസ് ദേവാലയ ഹാളിൽ ഉച്ചയ്ക്ക് 12.30 ന് ഉച്ചസദ്യയോടുകൂടിയാണ് അരങ്ങേറിയത്.

മ്യൂണിക്കിലെ ഇന്ത്യൻ കോണ്‍സൽ ജനറൽ സുഗന്ധ് രാജാറാം വിശിഷ്ടാതിഥിയായി പങ്കെടുത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് ഗിരികൃഷ്ണൻ സ്വാഗതം ആശംസിച്ച് സമാജം കമ്മറ്റിയെ സദസിന് പരിചയപ്പെടുത്തി. ഡോ.എസ് രാജശേഖരൻ (റിട്ട, പ്രോ വൈസ് ചാൻസലർ, ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി) കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി.മാത്യു കണ്ണൂക്കാടൻ, കമ്മറ്റിയംഗം ലത എന്നിവർ ഈസ്റ്റർ ദീപം തെളിച്ചു.

ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മൽസരത്തിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ സുഗന്ധ് രാജാറാം സമ്മാനിച്ചു.

മോണോ ആക്ട്, കുട്ടികളുടെ ഓർക്കെസ്ട്രാ ട്രൂപ്പ് തേങ്ങ അവതരിപ്പിച്ച ന്യൂജൻ അടിപൊളി, ഗാനാലാപനം, മാർക്ഷംകളി, ശാസ്ത്രീയ നൃത്തം, തുടങ്ങിയ വിവിധ കലാപരിപാടികൾ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി.

പരിപാടികൾ ഷെയിസ്, ജവഹർ എന്നിവർ മോഡറേറ്റ് ചെയ്തു.സമാജം വൈസ് പ്രസിഡന്‍റ് അപ്പു തോമസ് നന്ദി പറഞ്ഞു. ചായ സൽക്കാരത്തോടെ പരിപാടികൾക്ക് തിരശീല വീണു

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ