ജർമൻ ഭാഷ പഠിക്കൂ; നഴ്സിംഗ് ജോലി നേടൂ
Friday, April 27, 2018 12:31 AM IST
ബർലിൻ: ജർമനിയിൽ രോഗികൾക്കും പ്രായമേറിയവർക്കുമായുള്ള കെയർ മേഖലയിൽ മാത്രം ഏകദേശം 35,000 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് മൂന്നിരട്ടിയിലധികം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.

25,000 ഒഴിവുകളും നഴ്സിംഗ് മേഖലയിലാണ്. മേഖല നേരിടുന്ന വലിയ പ്രതിസന്ധി തന്നെയാണിതെന്ന് ഗ്രീൻ പാർട്ടി നേതാവ് കാതറിൻ ഗോറിങ് എക്കാർട്ട് അഭിപ്രായപ്പെട്ടു. ഇതിൽ 10,000 ഒഴിവുകൾ എമർജൻസി വിഭാഗത്തിലാണെന്നും ഈ മേഖലയിലെ ഒഴിവുകൾ എത്രയും വേഗം നികത്തപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു.

ഓരോ സ്റ്റേറ്റുകളിലും യോഗ്യതയുള്ള പ്രഫഷണലുകളുടെ കുറവ് വ്യത്യാസപ്പെട്ടിരിക്കുന്നു. ബർലിനിൽ നൂറ് ഒഴിവുകൾക്ക് യോഗ്യരായ 43 തൊഴിൽ രഹിതർ മാത്രമാണുള്ളത്. നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ ഇത് 34 ആണ്. ബവേറിയയിലും തൂറിംഗനിലും വെറും 14. റൈൻലാന്‍റ് ഫാൽസിലും, സാക്സണിയിലും 13. ദേശീയ ശരാശരി നൂറിന് 21.

എന്നാൽ 100 വികലാംഗ വിദഗ്ധ തൊഴിലാളി ഒഴിവുകളിൽ 81 എണ്ണം വികലാംഗർ തന്നെ ബർലിനിൽ നികത്തപ്പെടുന്പോൾ, മറ്റു സ്റ്റേറ്റുകളായ മെക്ക്ലെൻബുർഗിൽ 74 ഉം ബാഡൻവ്യുർട്ടെംബർഗിൽ 29 ഉം ലഭ്യമാണ്. രാജ്യത്തെ ദേശീയ ശരാശരി 41 ഉം ആണ്.

ജർമനിയിലെ നഴ്സിംഗ് മേഖല നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ മെർക്കൽ ഭരണകൂടം ഈ വർഷം ജനുവരിയിൽ പ്രാഥമികമായി 8,000 പേരെ വിദേശത്തുനിന്ന് അടിയന്തരമായി റിക്രൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇതു മതിയാകാത്ത സാഹചര്യത്തിൽ വീണ്ടും റിക്രൂട്ട്മെന്‍റ് നടത്തി ഒഴിവു വന്ന നഴ്സിംഗ് തസ്തികകൾ അടിയന്തരമായി നികത്തേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഇപ്പോൾ സർക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്.

നിലവിൽ കേരളത്തിൽ നിന്ന് ജർമനിയിലേയ്ക്കുള്ള നഴ്സിംഗ് കുടിയേറ്റം വലിയ തോതിൽ നടക്കുന്നുണ്ടെങ്കിലും ഇനിയും വേക്കൻസികൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജർമൻ ഭാഷയിൽ ബി 2 ലെവൽ പരിജ്ഞാനം നേടിയ, നഴ്സിംഗ് പാസായിട്ടുള്ള ഏതൊരാളിനും ജർമനിയിൽ ജോലി നേടാം. നിലവിൽ ജർമൻ ഭാഷയിൽ ബി 2 (ആ2)ലെവൽ സർട്ടിഫിക്കറ്റ് നേടിയവർക്കാണ് തൊഴിൽ അവസരം ലഭ്യമാകുന്നത്. ബി 2 ലെവൽ ഭാഷാ പരീക്ഷ പാസായവർ എത്രയും വേഗം ജർമനിയിലേക്കുള്ള വീസക്കും വർക്ക് പെർമിറ്റിനുമായി ഇന്ത്യയിലെ ജർമൻ എംബസിയുമായോ കോണ്‍സുലേറ്റുമായോ നേരിട്ട് ബന്ധപ്പെട്ട് നടപടികൾക്ക് വിധേയമായാൽ കാര്യങ്ങൾ എളുപ്പമാവും.

ജർമനിയിലെ ഈ റിക്രൂട്ട്മെന്‍റിനുവേണ്ടി ഒരു രാജ്യത്തും ഒരു ഏജൻസികളേയും നിയോഗിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധിയ്ക്കേണ്ടതാണ്. റിക്രൂട്ട്മെന്‍റിന്‍റെ മറവിൽ വ്യാജഏജൻസികളുടെ പിടിയിലായി വെറുതെ സാന്പത്തിക നഷ്ടം വരുത്തരുതെന്നും ഓർമിപ്പിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ