അപേക്ഷകൾ കൂടി; സംസ്ഥാനത്ത് 11 പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ കൂടി
Saturday, April 28, 2018 8:20 PM IST
ബംഗളൂരു: അപേക്ഷകളുടെ എണ്ണം കുത്തനെ ഉയർന്നതോടെ സംസ്ഥാനത്ത് പുതിയ 11 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ബെലാഗവി, ശിവമോഗ, ബെല്ലാരി, ദാവൻഗരെ, ഉഡുപ്പി, ഗദഗ്, റായ്ച്ചൂർ, ബിദാർ, തുമകുരു, ഹാസൻ, വിജയപുര എന്നിവിടങ്ങളിലായാണ് പുതിയ സേവാകേന്ദ്രങ്ങൾ ആരംഭിച്ചത്. ഈ കേന്ദ്രങ്ങളിൽ ദിവസേന 50 അപേക്ഷകളാണ് കൈകാര്യം ചെയ്യുന്നത്. വരുംമാസങ്ങളിൽ ഇത് 75 ആയി ഉയർത്താനാണ് തീരുമാനം.

ഇതുവരെ സംസ്ഥാനത്തുണ്ടായിരുന്നത് ഒരു റീജണൽ പാസ്പോർട്ട് ഓഫീസും അഞ്ചു സേവാകേന്ദ്രങ്ങളുമാണ്. കഴിഞ്ഞ ഒരു വർഷമായി പാസ്പോർട്ടിനുള്ള അപേക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതോടെയാണ് കൂടുതൽ സേവാകേന്ദ്രങ്ങൾ തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്. 2017-2018 കാലയളവിൽ പുതിയ അപേക്ഷകളിൽ 8.53 ശതമാനത്തിന്‍റെ വർധന‍യാണുണ്ടായത്. പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചത് ഗ്രാമീണമേഖലയിലുള്ള നിരവധിപ്പേർക്ക് അനുഗ്രഹമാകും. പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ ലളിതമാക്കാനാണ് ഇവകൊണ്ട് ലക്ഷ്യമിടുന്നത്.