ജർമനിയിൽ നഴ്സിംഗിനു സഹായിയായി ഇനി നഴ്സ് റോബോട്ടുകളും
Saturday, May 19, 2018 9:09 PM IST
ബർലിൻ: ആധുനിക കാലഘട്ടത്തിൽ, സൈബർ യുഗത്തിൽ എന്താണ് ഉണ്ടാകാത്തത്. എവിടെ തിരിഞ്ഞാലും ഓട്ടോമാറ്റിക് സംവിധാനവും റിമോട്ടുകളും റോബോട്ടുകളും കൊണ്ടു ലോകം കൈപ്പിടിയിൽ ഒതുക്കുന്പോൾ ജർമനി ഒരുപടികൂടി മുന്നേറുകയാണ്. നഴ്സിംഗ് മേഖലയിൽ റോബോട്ടുകളുടെ സഹായംകൊണ്ടു ആതുരശുശ്രൂഷ നടപ്പാക്കാൻ ശ്രമിക്കുകയാണ്.

റോബോട്ട് നഴ്സിന്‍റെ സഹായങ്ങൾ ലോകത്തിനു പരിചയപ്പെടുത്തുന്നത് ജർമനിയിലെ മ്യൂണിക്ക് അതിരൂപതയുടെ കീഴിലുള്ള കാരിത്താസ് ചാരിറ്റിയാണ്. കാരിത്താസിനെ സഹായിക്കുന്നത് ജർമൻ എയ്റോസ്പേസ് സെന്‍ററിലെ (ഡിആർആർ) ടെക്നോളജി വിദഗ്ധരും. ഇവർ രൂപകല്പന ചെയ്ത് “എഡാൻ”എന്നു പേരും നൽകി പരിശീലനം ലഭിച്ച റോബോട്ട് ബട്ലർ നഴ്സുകൾ എങ്ങനെ നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കും, എങ്ങനെ രോഗികളെ പരിചരിക്കും എന്നു ലോകത്തെ കാണിച്ചുകൊടുത്തത് ഏറെ സവിശേഷതയോടെയാണ്.

മ്യൂണിക്കിലെ ഗാർമിഷ് പാർടൻ കിർഷനിൽ നടന്ന ചടങ്ങിൽ മ്യൂണിക്കിലെ കാരിത്താസ് ഡയറക്ടർ ജോർജ് ഫാൽട്ടർബൗം റോബോട്ടിക് ബട്ട്ലർ “എഡാനെപ്പറ്റി” മാധ്യമങ്ങളുടെയും പൊതുസമൂഹത്തിനു മുന്നിൽ വിശദീകരിച്ചു. ബവേറിയ സംസ്ഥാന സർക്കാർ പദ്ധതിക്കായി ഒരു വൻ തുകതന്നെ നീക്കിവച്ചു കഴിഞ്ഞു. ഒരു എഡാൻ റോബോട്ടിന് അറുപതിനായിരം യൂറോയാണ് വില.

ഭാവിയിൽ ജനങ്ങൾക്ക് ആവശ്യമുള്ള പരിചരണവും പ്രതിദിന ജീവിതത്തിലെ വൈകല്യങ്ങളുള്ളവരെ സഹായിക്കുന്ന രണ്ട് അസിസ്റ്റന്‍റ് റോബോട്ടുകളുമാണ് ഇവിടെ പ്രവർത്തനസജ്ജമായിരിക്കുന്നത്.

ജർമൻ എയ്റോസ്പേസ് സെന്‍ററിലെ സ്മൈയിൽ ടെക്നോളജി വിഭാഗത്തിലെ വിദഗ്ധരാണ് എഡാന്‍റെ ഭാവി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. കരിത്താസിലെ നഴ്സിംഗും വിദ്യാഭ്യാസ വിദഗ്ധരും ഇതിൽ പങ്കാളികളാവും.

പരിരക്ഷ വേണ്ടവരുടെ ജീവിത സാഹചര്യങ്ങളിൽ സേവനങ്ങൾ നൽകി റോബോട്ടിന്‍റെ പ്രവർത്തനങ്ങൾ ഇനിയും വികസിപ്പിക്കും. പ്രായത്തിന്‍റെയോ അല്ലെങ്കിൽ അസുഖം സംബന്ധിച്ച നിയന്ത്രണങ്ങൾ ഉള്ളവരുടെ ജീവിതത്തിൽ ഒരു പൂർണമായ, കൂടുതൽ സ്വതന്ത്രമായ ജീവിത സാഹചര്യമാണ് ഒരുക്കുന്നതെന്നും അതുവഴി അവരെ ജീവിക്കാൻ സഹായിക്കുക എന്നതുമാണ് സ്മൈയിലിന്‍റെ കാഴ്ചപ്പാട്.

ജർമനിയിലെ നിലവിലെ സാഹചര്യത്തിൽ നഴ്സിംഗ് മേഖലയിൽ വേണ്ടത്ര ജോലിക്കാരില്ലാതെ ഇന്ത്യപോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. എന്നാൽ ഭാവിയിൽ എഡാൻ പോലുള്ള റോബോട്ടുകളുടെ സാന്നിധ്യവും പരിചരണവും നഴ്സിംഗ് മേഖല പുഷ്ടിപ്പെടുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. അതേസമയം ജപ്പാനിൽ റോബോട്ടിക് നഴ്സിംഗ് സംവിധാനം നേരത്തെതന്നെ തുടങ്ങിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ