ജയനഗറിൽ വോട്ടെടുപ്പ് ജൂൺ 11ന്
Monday, May 21, 2018 10:57 PM IST
ബംഗളൂരു: ബിജെപി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച ജയനഗർ മണ്ഡലത്തിലെ വോട്ടെടുപ്പ് ജൂൺ 11ന് നടക്കും. മേയ് 25ന് ബിജെപി സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജൂൺ 13നാണ് വോട്ടെണ്ണൽ.

ജയനഗർ മണ്ഡലത്തിൽ ആകെ 2.03 ലക്ഷം വോട്ടർമാരാണുള്ളത്. 19 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 2008ൽ മണ്ഡലം നിലവിൽ വന്നപ്പോൾ മുതൽ ബിജെപിയുടെ കൈയിലാണ് ജയനഗർ. മുൻ ആഭ്യന്തരമന്ത്രി ടി. രാമലിംഗറെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. കാലെഗൗഡയാണ് ജെഡി-എസ് ടിക്കറ്റിൽ മത്സരിക്കുന്നത്. മേയ് നാലിനാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും എംഎൽഎയുമായിരുന്ന ബി.എൻ. വിജയകുമാർ അന്തരിച്ചത്.

അതേസമയം, ക്രമക്കേടിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച രാജരാജേശ്വരി നഗറിൽ മേയ് 28നാണ് പോളിംഗ്. മേയ് 31ന് വോട്ടെണ്ണൽ നടക്കും. തെരഞ്ഞെടുപ്പിനു മുമ്പ് ജാലഹള്ളിയിലെ ഒരു അപ്പാർട്ട്മെന്‍റിൽ നിന്ന് പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതിനെ തുടർന്നാണ് രാജരാജേശ്വരി നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് കോൺഗ്രസ് എംഎൽഎ എൻ. മുനിരത്നയുടെ പങ്കും അന്വേഷിച്ചുവരികയാണ്.