ജർമൻ പോസ്റ്റ് നിരക്കുകൾ വർധിപ്പിക്കുന്നു
Monday, May 21, 2018 11:14 PM IST
ഫ്രാങ്ക്ഫർട്ട്: ജർമൻ പോസ്റ്റൽ സർവീസ് ബുക്ക് പോസ്റ്റുകൾക്കും ചെറിയ സാധനങ്ങൾ അയയ്ക്കാനുള്ള സർവീസുകൾക്കും നിരക്ക് വർധിപ്പിക്കുന്നു. ജൂലൈ ഒന്നു മുതലാണ് നിരക്കു വർധന. ഇതനുസരിച്ച് 500 ഗ്രാം ബുക്ക് പോസ്റ്റുകൾക്ക് നിലവിൽ 1 യൂറോ എന്നത് 1.20 യൂറോ ആയി വർധിക്കും. അതുപോലെ 50 ഗ്രാം ചെറിയ സാധനങ്ങൾ അയയ്ക്കാനുള്ള ചാർജ് 90 സെന്‍റിൽ നിന്ന് 1.30 യൂറോ ആകും. അതുപോലെതന്നെ ആയിരം ഗ്രാം വരെയുള്ള ബുക്ക് പോസ്റ്റിനു വില കൂട്ടിയിട്ടുണ്ട്. നിലവിൽ 1.65 യൂറോ എന്നുള്ളത് 1.70 യൂറോ ആക്കി ഉയർത്തി. അതുപോലെ 500 ഗ്രാം വരെയുള്ള ചെറിയ പാക്കേജുകൾ അയയ്ക്കാൻ നിലവിൽ 1.90 യൂറോ നൽകേണ്ട സ്ഥാനത്ത് ജൂലൈ ഒന്നു മുതൽ 2.20 യൂറോയും നൽകണം.

ഈ വർഷം എഴുത്തുകൾക്കും രജിസ്ട്രേഷൻ ചാർജുകൾക്കും വർധന ഉണ്ടാവുകയില്ലെങ്കിലും അടുത്ത വർഷം 2019 മുതൽ ഈ ചാർജുകളും വർധിപ്പിക്കുമെന്ന് ജർമൻ പോസ്റ്റ് മേധാവി ഫ്രാങ്ക് ആപ്പൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷമായി ജർമനിയിൽ പ്രൈവറ്റ് പോസ്റ്റേജ് അനുവദിച്ചതു മുതൽ ജർമൻ പോസ്റ്റ് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍