പുടിൻ കള്ളപ്പണം സൂക്ഷിച്ചിരുന്നത് യുകെയിൽ
Monday, May 21, 2018 11:21 PM IST
ലണ്ടൻ: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെയും അനുയായികളുടെയും കള്ളപ്പണം സൂക്ഷിച്ചിരുന്നത് ലണ്ടനിലാണെന്ന് വെളിപ്പെടുത്തൽ. ഇതു ബ്രിട്ടീഷ് അധികൃതർ അറിഞ്ഞിട്ടും കണ്ണടയ്ക്കുകയായിരുന്നു എന്നും ആരോപണമുയരുന്നു.

റഷ്യയുടെ മുൻ ചാരൻ സെർജി സ്ക്രിപാലിനും മകൾക്കുമെതിരേ വിഷ പ്രയോഗം നടത്തിയ സംഭവത്തോടെ ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വളരെ വഷളായിരുന്നെങ്കിലും റഷ്യൻ കള്ളപ്പണ നിക്ഷേപത്തെ ഇതൊന്നും ബാധിച്ചില്ല.

ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സിന്‍റെ വിദേശകാര്യ സമിതിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, സമിതി തന്നെ മൊഴിയെടുക്കാൻ വിളിച്ചിട്ടില്ലെന്ന് സെക്യൂരിറ്റി ആൻഡ് ഇക്കണോമിക് ക്രൈം വകുപ്പ് മന്ത്രി ബെൻ വാലസ് പറയുന്നു. ഇങ്ങനെയൊരു ഒഴിവാക്കൽ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

കള്ളപ്പണവും കള്ളപ്പണക്കാരെയും നിർമാർജനം ചെയ്യാൻ യുകെ പ്രതിജ്ഞാബദ്ധമാണ്. ആർക്കും ഇക്കാര്യത്തിൽ സംരക്ഷണം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും വാലസ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ