പ്രഥമ എയിൽസ്ഫോർഡ് തിരുനാൾ 27 ന്; വിപുലമായ ഒരുക്കങ്ങളുമായി സതക് വിശ്വാസികൾ
Monday, May 21, 2018 11:23 PM IST
എയിൽസ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സതക് ചാപ്ലയൻസി ആതിഥേയത്വം വഹിക്കുന്ന പ്രഥമ എയിൽസ്ഫോർഡ് തിരുനാൾ മേയ് 27 നു (ഞായർ) നടക്കും.

വാൽസിംഹാം കഴിഞ്ഞാൽ യുകെയിലെ പ്രധാന മരിയൻ തീർഥാടന കേന്ദ്രമായ എയിൽഫോർഡിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ജപമാല പ്രദക്ഷിണത്തോടെയാണ് തിരുക്കർമങ്ങൾ ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. സതക് ലത്തീൻ അതിരൂപത സഹായ മെത്രാൻ ബിഷപ് പോൾ മേസണ്‍ വചന സന്ദേശം നൽകും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വൈദികർ ദിവ്യബലിയിൽ സഹകാർമികരായിരിക്കും. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശ്രുശൂഷക്ക് നേതൃത്വം നൽകും. തുടർന്നു നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തിൽ ആഷ്ഫോർഡ്, കാന്‍റർബെറി, ക്യാറ്റ്ഫോർഡ്, ചെസ്റ്റ്ഫീൽഡ്, ജില്ലിംഗ്ഹാം, മെയ്ഡ്സ്റ്റോണ്‍, മോർഡെൻ, തോണ്ടൻഹീത്ത്, ടോൾവർത്ത്, ബ്രോഡ്സ്റ്റേർഡ്, ഡാർട്ഫോർഡ്, സീത്ത്ബറോ തുടങ്ങിയ വിശുദ്ധ കുർബാന സെന്‍ററുകൾ നേതൃത്വം നൽകും. സതക് ചാപ്ലയൻസി നേതൃത്വം നൽകി ആതിഥേയത്വം വഹിക്കുന്ന തിരുനാളിന്‍റെ ക്രമീകരണങ്ങൾക്കായി ഫാ. ഹാൻസ് പുതിയാകുളങ്ങര കോഓർഡിനേറ്ററായും റവ. ഡീക്കൻ ജോയ്സ് പള്ളിക്കമ്യാലിൽ സഹ കോഓർഡിനേറ്ററായും വിവിധ കമ്മിറ്റികൾ രൂപികരിച്ച് വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു. ഭക്ഷണ സൗകര്യത്തിനായി ഫുഡ് സ്റ്റാളുകളും വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹിക്കപ്പെടുകയും ദൈവമാതാവ് ഉത്തരീയം നൽകി ആദരിച്ച വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്‍റെ ജീവിതംകൊണ്ട് ധന്യമാക്കപ്പെടുകയും ചെയ്ത എയിൽസ്ഫോർഡിന്‍റെ പുണ്യഭൂമിയിൽ നടക്കുന്ന ഭക്തിസാന്ദ്രമായ തിരുനാൾ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കോഓർഡിനേറ്റർ ഫാ. ഹാൻസ് പുതിയാകുളങ്ങര അറിയിച്ചു.

വിലാസം: The Friars, Ayelesfordkent, ME20 7BX

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്