യൂസപ്പെ കോണ്‍ടെ ഇറ്റലിയുടെ പ്രധാനമന്ത്രിയാകും
Wednesday, May 23, 2018 12:17 AM IST
റോം: ഇറ്റലിയിൽ കൂട്ടുകക്ഷി സർക്കാരിന്‍റെ പ്രധാനമന്ത്രിയായി അഭിഭാഷകൻ യൂസപ്പെ കോണ്‍ടെയെ ശിപാർശ ചെയ്തു. ഫൈവ് സ്റ്റാർ മൂവ്മെന്‍റ് നേതാവ് ലൂയിജി ഡി മയോയും ലീഗ് നേതാവ് മാറ്റിയോ സാൽവീനിയും ഇതു സംബന്ധിച്ച് ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മാറ്ററെല്ലയുമായി ദിവസങ്ങളായി നടത്തിയ ചർച്ചയെതുടർന്നാണ് തീരുമാനം.

ഫ്ളോറൻസിലും റോമിലും നിയമാധ്യാപകൻ കൂടിയാണ് അന്പത്തിനാലുകാരനായ കോണ്‍ടെ. നിലവിൽ എംപിയല്ലാത്ത അദ്ദേഹം കക്ഷി രാഷ്ട്രീയവൃത്തങ്ങളിൽ അപരിചിതനുമാണ്. ഡി മയോ, അല്ലെങ്കിൽ സാൽവീനി പ്രധാനമന്ത്രി സ്ഥാനത്തേക്കു വരാതെ നിർദേശിച്ചിരിക്കുന്ന ഒത്തുതീർപ്പ് സ്ഥാനാർഥിയാണ് ഇദ്ദേഹം.

എന്നാൽ, ഇറ്റലി എങ്ങനെ മുന്നോട്ടു നീങ്ങണം എന്നതു സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച വിദഗ്ധനാണ് യൂസപ്പെ. ഫൈവ് സ്റ്റാർ മൂവ്മെന്‍റിന്‍റെ ആശയങ്ങളുമായി കൂടുതൽ അടുത്തു നിൽക്കുന്നതാണ് അദ്ദേഹത്തിന്‍റെ നിലപാടുകൾ.

കഴിഞ്ഞ ആഴ്ചയാണ് ഇരു പാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. യൂറോപ്യൻ യൂണിയന്‍റെ ചെലവുചുരുക്കൽ നടപടികൾ നിരാകരിക്കുന്ന ധാരണയിൽ ഇരു പാർട്ടികളും എത്തിച്ചേരുകയും ചെയ്തിരുന്നു. ഇറ്റലിയുടെ ബജറ്റ് കമ്മി പരിഹരിക്കാൻ യൂറോപ്യൻ യൂണിയൻ നിർദേശിച്ച പല മാർഗങ്ങളും പുതിയ സർക്കാർ നിരാകരിക്കാനാണ് സാധ്യത.

യൂറോപ്യൻ യൂണിയനോടുള്ള ബജറ്റ് ബാധ്യതകൾ ഇറ്റലി മാനിക്കണമെന്ന ഫ്രാൻസിന്‍റെ ആവശ്യവും ഇരു പാർട്ടികളും തള്ളിക്കളഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ