കേളി അന്താരാഷ്ട്ര കലാമേള: മനാസെ മികച്ച ചിത്രം
Thursday, May 24, 2018 11:41 PM IST
സൂറിച്ച്: കേളി അന്താരാഷ്ട്ര കലാമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ വിയന്ന മലയാളികളുടെ ആവിഴ്കാരമായ "മനാസെ' മികച്ച ചിത്രത്തിനും സംവിധാന മികവിനുമുൾപ്പെടെ രണ്ടു പുരസ്കാരങ്ങൾ നേടി. ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും മനാസെ സ്വന്തമാക്കി.

ട്രോഫിയും പ്രശംസാപത്രവും 25000 രൂപയുമാണ് പുരസ്കാരം. പ്രമുഖ ചലചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഉൾപ്പെട്ട ജൂറിയാണ് അവാർഡ് നിർണയിച്ചത്. ചിത്രം കണ്ട പ്രേക്ഷകർ നൽകിയ വോട്ടിംഗും വിയന്നയിലെ കലാകാരന്മാരുടെ സംരംഭത്തെ ഒന്നാമതെത്തിച്ചു.

പ്രോസി മീഡിയയുടെ ബാനറിൽ പ്രിൻസ് പള്ളിക്കുന്നേൽ നിർമിച്ച് ജി. ബിജു സംവിധാനം ചെയ്ത മനാസെ ഇതിനോടകം യൂറോപ്യൻ പ്രവാസലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. വിൻസന്‍റ് പയ്യപ്പിള്ളി, അലീന വെള്ളാപ്പള്ളിൽ, ഫിജോ കുരുതുകുളങ്ങര എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ കാമറ ബിനു മർക്കോസും മോനിച്ചൻ കളപ്പുരയ്ക്കലുമാണ് നിർവഹിച്ചത്. ഷാജി ജോണ്‍ ചേലപ്പുറത്തിന്‍റേതാണ് മേക്കപ്പ്. എഡിറ്റിംഗ് സെഞ്ചു ജയിംസ്.

സ്നേഹ ബന്ധങ്ങളിൽ പലപ്പോഴായി പങ്കുവയ്ക്കലുകൾ ഇല്ലാതെ വരുന്പോൾ ഒരിക്കലെങ്കിലും ഒരു ഏറ്റുപറച്ചിൽ ആവശ്യമാണെന്ന് പറഞ്ഞുവച്ച ചിത്രം എല്ലാം പൊറുത്ത് തന്‍റെ മകളെ ചേർത്തു നിർത്തുന്ന ഒരു പിതാവിന്‍റെ കഥയാണ് സിനിമയിലൂടെ അവതരിപ്പിച്ചത്.

റിപ്പോർട്ട്: ജോബി ആന്‍റണി