ലണ്ടൻ: ഗർഷോം ടിവി യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച ചരിത്രമുറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽ. മലയാള സിനിമ ഗാനരംഗത്ത് തന്േറതായ കയ്യൊപ്പുചാർത്തിക്കഴിഞ്ഞ മധുരഗായകൻ ജി. വേണുഗോപാൽ ഗ്രാൻഡ് ഫിനാലെക്ക് മുഖ്യ വിധികർത്താവായി എത്തുന്നു എന്നത് സ്റ്റാർസിംഗർ 3 യുടെ അഭിമാന നിമിഷങ്ങളാണ്. വേണുഗോപാലിനോടൊപ്പം സ്റ്റാർസിംഗർ 3യുടെ സ്ഥിരം വിധികർത്താക്കളായ ഡോക്റ്റർ ഫഹദ്, ലോപ മുദ്ര എന്നിവരും ചേരുന്ന പ്രൗഢമായ ജഡ്ജിംഗ് പാനലായിരിക്കും ഗ്രാൻഡ്ഫിനാലെയിൽ വിധിനിർണയം നടത്തുന്നത്. ഒഡിഷൻ മുതൽ സെമിഫൈനൽ വരെ എട്ട് റൗണ്ടുകളിലായി മുപ്പത്തിയഞ്ചോളം പ്രതിഭകളുടെ മാറ്റുരക്കലിന് ശേഷമാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് അഞ്ച് ഗായകർ കടന്നുവന്നിരിക്കുന്നത്.
യുകെയിലെ നോർത്താംപ്ടണിൽ നിന്നുള്ള ആനന്ദ് ജോണ്, ഷെഫീൽഡിൽ നിന്നെത്തുന്ന ഹരികുമാർ വാസുദേവൻ, റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നും എത്തുന്ന ജാസ്മിൻ പ്രമോദ്, യുകെയിലെ തന്നെ ഹള്ളിൽനിന്നുള്ള സാൻ ജോർജ് തോമസ്, വൂസ്റ്ററിൽ നിന്നെത്തുന്ന വിനു ജോസഫ് എന്നിവരാണ് വിവിധ റൗണ്ടുകളിലായി നടന്ന ശക്തമായ മത്സരങ്ങൾക്കൊടുവിൽ ഗ്രാൻഡ് ഫിനാലെയിൽ എത്തിയിരിക്കുന്ന ഗായകർ.
ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 1000 പൗണ്ട് കാഷ് പ്രൈസും യുക്മ സമ്മാനിക്കുന്ന ട്രോഫിയും പ്രശംസാപത്രവുമാണ് സ്റ്റാർസിംഗർ വിജയിയെ കാത്തിരിക്കുന്നത്. ട്രോഫിക്കും പ്രശംസാ പത്രത്തിനുമൊപ്പം രണ്ടാം സമ്മാനജേതാവിന് മുത്തൂറ്റ് ഗ്ലോബൽ യുകെ നൽകുന്ന 750 പൗണ്ടും മൂന്നാം സമ്മാനജേതാവിന് അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 500 പൗണ്ടും ലഭിക്കുന്നതാണ്.
പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ ജി. വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ ന്ധവേണുഗീതന്ധവും സ്റ്റാർസിംഗർ ഗ്രാൻഡ്ഫിനാലെക്ക് മാറ്റുകൂട്ടുവാനായ് യുക്മ ഒരുക്കിയിട്ടുണ്ട്. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യർ , വൈഷ്ണവ് ഗിരീഷ് , ഫാദർ വിൽസണ് മേച്ചേരിൽ എന്നീ ഗായകരും മജീഷ്യൻ രാജമൂർത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിരയും ഈ മെഗാ ഷോയിൽ പങ്കെടുക്കുന്നുണ്ട്.
നാലു മുതൽ ആറു വരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. അവസാന നിമിഷം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് (07885467034 ), ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് (07883068181 ), ട്രഷറർ അലക്സ് വർഗീസ് (07985641921), സുരേഷ്കുമാർ നോർത്താംപ്ടണ് (07903986970), ഡിക്സ് ജോർജ് നോട്ടിങ്ഹാം (07403312250) എന്നിവരെയോ, വിവിധ റീജിയണൽ ഭാരവാഹികളെയോ, യുക്മ പോഷക സംഘടനാ ഭാരവാഹികളെയോ, യുക്മയിൽ അംഗങ്ങളായ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളെയോ ബന്ധപ്പെടേണ്ടതാണ്.