യൂറോപ്പിൽ ജിഡിപിആർ പ്രാബല്യത്തിലായി; ഗൂഗ്ളും ഫെയ്സ്ബുക്കും നിയമം ലംഘിച്ചതായി പരാതി
Saturday, May 26, 2018 9:17 PM IST
ബർലിൻ: യൂറോപ്പിൽ ജിഡിപിആർ ഡേറ്റ പ്രൊട്ടക്ഷൻ നിയമം മേയ് 25 ന് പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ ഫെയ്സ്ബുക്ക്, ഗൂഗ്ൾ, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയ്ക്കെതിരേ പരാതി. ടാർജറ്റഡ് പരസ്യങ്ങൾക്ക് അനുമതി നൽകാതെ സേവനം ഉപയോഗിക്കാൻ സാധിക്കില്ലെന്ന തരത്തിൽ ഉപയോക്താക്കളെ നിർബന്ധിക്കുന്നതാണ് പരാതിക്ക് അടിസ്ഥാനം. നിയമം തെറ്റിക്കുന്നവർക്ക് കുറഞ്ഞത് 50,000 യൂറോയാണ് പിഴ ഒടുക്കേണ്ടി വരുന്നത്.

മാക്സ് ഷ്രെംസ് എന്ന ആക്ടിവിസ്റ്റാണ് പരാതി നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം ഈ കന്പനികൾ നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. പരാതി സ്വീകരിച്ചാൽ കന്പനികൾക്ക് പ്രവർത്തനരീതിയിൽ മാറ്റം വരുത്തേണ്ടി വരും.

ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ എന്നതിന്‍റെ ചുരുക്കപ്പേരാണ് ജിഡിപിആർ. സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളാണ് ഇതിൽ വ്യവസ്ഥ ചെയ്യുന്നത്.

ഇതിനിടെ, നിയമം പ്രാബല്യത്തിൽ വന്നതോടെ പല യുഎസ് ന്യൂസ് വെബ്സൈറ്റുകളും യൂറോപ്പിൽ ലഭ്യമാകുന്നില്ല. ഷിക്കാഗോ ട്രിബ്യൂണിന്‍റെയും എൽഎ ടൈംസിന്‍റെയും വെബ്സൈറ്റുകൾ ഇതിൽപ്പെടുന്നു എന്നതാണ് വസ്തുത.

ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) കഴിഞ്ഞ നാലു വർഷത്തെ തയാറെടുപ്പിനും ചർച്ചയ്ക്കും ശേഷമാണ് 2016 ഏപ്രിൽ 14 ന് യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് അംഗീകരിച്ചത്. നിയമം മേയ് 25 ന് 26 അംഗ ഷെങ്ൺ സോണിൽ പ്രാബല്യത്തിലായപ്പോൾ യൂറോപ്യൻ യൂണിയനിൽ ഡാറ്റ പരിരക്ഷയും സ്വകാര്യതാ നയവും വ്യക്തി സ്വകാര്യതയും ഏറെ പരിരക്ഷിക്കപ്പെടുമെന്നു തീർച്ചയായി. സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിഗതമായി വെറുപ്പും വിദ്വേഷവും പരത്തുന്ന കാര്യങ്ങൾ, നിയമരഹിത കാര്യങ്ങൾ, പ്രൈവസിയുമായ ബന്ധപ്പെട്ട വിഷയങ്ങൾ എല്ലാം തന്നെ പ്രൊട്ടക്ടു ചെയ്യുന്നതുകൊണ്ട് മേലിൽ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ജാഗ്രത വേണ്ടിയിരിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ