കോറമംഗല മേരിമാതാ ദേവാലയത്തിന്‍റെ കൂദാശാകർമവും ഇടവക പ്രഖ്യാപനവും ഇന്ന്
Saturday, June 2, 2018 7:41 PM IST
ബംഗളൂരു: കോറമംഗല മേരിമാതാ ഇടവകയുടെ പുതിയ ദേവാലയത്തിന്‍റെ വെഞ്ചരിപ്പുകർമം ഇന്നു രാവിലെ ഒമ്പതിന് മാണ്ഡ്യ രൂപാതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ നിർവഹിക്കും. തുടർന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിമധ്യേ കോറമംഗല മേരിമാതാ ദിവ്യകാരുണ്യ സെന്‍ററിനെ സ്വതന്ത്ര ഇടവകയായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും മാർ ആന്‍റണി കരിയിൽ നടത്തും.

ഇതിനോടനുബന്ധിച്ച് ഇടവകയിൽ നിർമിച്ച പുതിയ വൈദിക മന്ദിരത്തിന്‍റെയും മതബോധന വിദ്യാർഥികൾക്കായുള്ള ക്ലാസ് മുറികളുടെയും ആശീർവാദകർമം മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ. ഡോ. മാത്യു കോയിക്കര സിഎംഐ നിർവഹിക്കും.

ഓഡിറ്റോറിയം, കുട്ടികൾക്കായുള്ള കിഡ്സി മന്ദിരം, ആരാധനാ ചാപ്പൽ, ബാൽക്കണി, പരിശുദ്ധ മാതാവിന്‍റെ ഗ്രോട്ടോ എന്നിവയുടെ ആശീർവാദ കർമങ്ങൾ ധർമാരാം കോളജ് റെക്ടർ ജോർജ് ഇടയാടി, രൂപതാ ചാൻസലർ ഫാ. ജോമോൻ കോലെഞ്ചേരി, ധർമാരാം ഫോറോനാ വികാരി ഫാ. സിറിയക് മഠത്തിൽ, കൈനകരി ചാവറ സെന്‍റർ ഡയറക്ടർ ഫാ. തോമസ് കല്ലുകളം എന്നിവർ നടത്തും. കിഡ്സികളുടെ ഉദ്ഘാടനം സുനിതാ ടോണി ആറാട്ടുകുളവും, ലിഫ്റ്റിന്‍റെ ഉദ്ഘാടനം കെ.എ. ജോസഫും നിർവഹിക്കും.

തുടർന്ന് 11നു നടക്കുന്ന അനുമോദന സമ്മേളനം രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ ഉദ്ഘാടനം ചെയ്യും. ബിടിഎം ലേഔട്ട് എംഎൽഎ ടി. രാമലിംഗ റെഡ്ഡി, ധർമാരാം കോളജ് റെക്ടർ ഫാ. ജോർജ് ഇടയാടി, സേവാസദൻ പ്രൊവിഷ്യാൾ ബ്രദർ സൈമണ്‍, ടോണി ആറാട്ടുകുളം എന്നിവർ ആശംസകൾ നേരും.

ദേവാലയ നിർമിതിക്ക് സഹായ സഹകരണങ്ങൾ നൽകിയ മഹനീയ വ്യക്തികളെ സമ്മേളനത്തിൽ ആദരിക്കും. ഇതിനോടനുബന്ധിച്ചു ഇടവക സംഘടിപ്പിച്ച സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും നടത്തും. സമ്മേളനത്തിന് വികാരി ഫാ. സെബാസ്റ്റ്യൻ മുല്ലപ്പറമ്പിൽ സ്വാഗതവും സഹവികാരി ഫാ. തോമസ് പാറയിൽ നന്ദിയും അർപ്പിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകൾക്ക് സമാപനമാകും.