ബധിരത തോറ്റുമടങ്ങി; വിജയത്തിലേക്ക് ബുള്ളറ്റോടിച്ച് അർച്ചന
Thursday, June 7, 2018 10:59 PM IST
ബംഗളൂരു: ലോകത്തിന്‍റെ ശബ്ദങ്ങൾ അർച്ചനയ്ക്ക് കേൾക്കാനാവില്ല, പക്ഷേ അവളുടെ ബുള്ളറ്റിന്‍റെ ഇടിമുഴക്കം ഇന്ന് ലോകത്തിന്‍റെ നെറുകയിൽ വരെ എത്തി. ശ്രവണപരിമിതികളെ അതിജീവിച്ച് അർച്ചനയും അവളുടെ ബുള്ളറ്റും കുതിച്ചുകയറിയത് 8,300 കിലോമീറ്ററാണ്. ബംഗളൂരുവിൽ നിന്ന് ലഡാക്ക് വരെ സഞ്ചരിച്ചാണ് 33കാരിയായ അർച്ചന ചരിത്രത്താളുകളിൽ ഇടംപിടിച്ചത്. ഏപ്രിൽ 29ന് ആരംഭിച്ച യാത്ര മേയ് 29ന് തിരികെ ഫ്രീഡം പാർക്കിലെത്തി അവസാനിച്ചു.

ആന്ധ്രക്കാരിയായ അർച്ചന ഇരുപത്തിയൊന്നാം വയസിലാണ് റൈഡിംഗ് ആരംഭിച്ചത്. പിന്നീട് തനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് ഈ മിടുക്കി പറയുന്നു. ശ്രവണവൈകല്യമുള്ളവർക്ക് പ്രചോദനം നല്കുന്നതിനും ബൈക്ക് റൈഡിംഗിന് വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് തന്‍റെ ലഡാക്ക് യാത്രയെന്നും അർച്ചന പറഞ്ഞു. സുഹൃത്തായ അധ്യാപകൻ ഡാനിയൽ സുന്ദരവും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. അർച്ചന റോയൽ എൻഫീൽഡ് ബൈക്കിലും ഡാനിയൽ കെടിഎം ബൈക്കിലുമാണ് യാത്ര ചെയ്തത്. ഇരുവരും ശ്രവണവൈകല്യമുള്ള യാത്രാപ്രേമികൾക്കായി പ്രത്യേക സംഘടന തന്നെ രൂപീകരിച്ചിട്ടുണ്ട്.

അർച്ചനയുടെ യാത്രയുടെ കാര്യത്തിൽ തങ്ങൾക്ക് ഒരു ആശങ്കയുമില്ലായിരുന്നുവെന്ന് അമ്മ സീത മഹാലക്ഷ്മി പറഞ്ഞു. എല്ലാ ദിവസവും അർച്ചന തന്നെ വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നുവെന്നും അപ്പപ്പോൾ ലൊക്കേഷൻ പങ്കുവച്ചിരുന്നതിനാൽ അവൾ എവിടെയാണെന്ന് കൃത്യമായി അറിയുന്നുണ്ടായിരുന്നുവെന്ന് സീത പറഞ്ഞു. മകളെയോർത്ത് ഏറെ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നാല്പത് ശതമാനം ബധിരതയോടെ ജനിച്ച അർച്ചന ശ്രവണസഹായി ഉപയോഗിച്ചാണ് ചെറുതായെങ്കിലും ശബ്ദങ്ങൾ തിരിച്ചറിയുന്നത്. ബംഗളൂരു സെന്‍റ് ജോൺസ് സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ അർച്ചന പിന്നീട് കർണാടക ചിത്രകലാ പരിഷത്തിൽ നിന്ന് ശില്പകലയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. മല്യ അദിതി ഇന്‍റർനാഷണൽ സ്കൂളിൽ കലാധ്യാപിക കൂടിയാണ് അർച്ചന.