സബ്സിഡിയായി; നഗരത്തിൽ വൈദ്യുതി ബസുകളോടും
Saturday, June 9, 2018 9:09 PM IST
ബംഗളൂരു: നഗരത്തിൽ ഇനി വൈദ്യുതി ബസുകൾ ഓടിത്തുടങ്ങും. കേന്ദ്രസർക്കാരിൽ നിന്നുള്ള സബ്സിഡി ലഭിച്ചതോടെയാണ് വൈദ്യുതി ബസ് സർവീസിനു മുന്നിലുള്ള അവസാന തടസവും നീങ്ങിയത്. ഫെബ്രുവരിയിൽ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് 150 വൈദ്യുതി ബസുകൾ സർവീസ് നടത്താനുള്ള കരാർ ബിഎംടിസി നല്കിയിരുന്നു. എന്നാൽ ഈ ബസുകൾക്കുള്ള കേന്ദ്ര സബ്സിഡിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.

ബിഎംടിസിയും സ്വകാര്യകമ്പനിയും വൈദ്യുതി ബസുകളുടെ ഉടമകളായിരിക്കണമെന്ന വ്യവസ്ഥയോടെയാണ് ഇപ്പോൾ കേന്ദ്രം സബ്സിഡി അനുവദിച്ചത്. ആദ്യഘട്ടത്തിൽ നിരത്തിലിറക്കുന്ന 80 ബസുകൾക്കുള്ള സബ്സിഡിയാണ് കേന്ദ്രം അനുവദിച്ചത്. ബാക്കി ബസുകൾക്കുള്ള സബ്സിഡി അടുത്ത ഘട്ടത്തിൽ ലഭിക്കും.



അതേസമയം, ബസുകളുടെ ഉടമസ്ഥത സംബന്ധിച്ച് ബിഎംടിസി ബോർഡ് ചർച്ച ചെയ്ത് തീരുമാനമെടുക്കും. ബിഎംടിസിയും സ്വകാര്യ കമ്പനിയും സംയുക്തമായി ബസുകളുടെ റൂട്ടും സമയവും തീരുമാനിക്കും. കരാർ പ്രകാരം സ്വകാര്യ കമ്പനിക്ക് കിലോമീറ്ററിന് 37.5 രൂപ വച്ച് നല്കാൻ തീരുമാനമായിട്ടുണ്ട്.

നഗരത്തിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് സർക്കാർ വൈദ്യുതി ബസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചത്. ഇവയ്ക്കായി നഗരത്തിൽ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും. 2014ൽ പരീക്ഷണാടിസ്ഥാനത്തിൽ ബംഗളൂരുവിൽ വൈദ്യുതിബസുകൾ നിരത്തിലിറക്കിയിരുന്നു.