ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ജൂണ്‍മാസ സമ്മേളനം 10ന് ഞായർ 4ന് കേരളാ ഹൗസിൽ നടത്തപ്പെട്ടു. പ്രശസ്ത ഉൗർജതന്ത്ര ശാസ്ത്രജ്ഞൻ
ഡോ. ഇ.സി.ജി. സുദർശന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.
ഉൗർജതന്ത്രവും വേദവും എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം മലയാളം സൊസൈറ്റിയിൽ ചെയ്ത പ്രസംഗത്തെ മണ്ണിക്കരോട്ട് അനുസ്മരിച്ചു. ഉൗർജതന്ത്രത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ച് ജി. പുത്തൻകുരിശ് അഭിപ്രായപ്പെട്ടു. അതോടൊപ്പം ഇന്ത്യയുടെ പത്മഭൂഷണ്‍ ബഹുമതി ലഭിച്ചപ്പോൾ അദ്ദേഹത്തെ ആദരിക്കാൻ ഹൂസ്റ്റണിൽ ചേർന്ന സമ്മേളനത്തിൽ അവതരിപ്പിച്ച മംഗളാശംസ എന്ന കവിത ജി. പുത്തൻകുരിശ് ആലപിക്കുകയും ചെയ്തു. ഒരു മിനിറ്റ് മൗനപ്രാർത്ഥനയ്ക്കുശേഷം മറ്റ് പരിപാടിയിലേക്ക് കടന്നു. നൈനാൻ മാത്തുള്ളയായിരുന്നു മോഡറേറ്റർ. തുടർന്ന് യുവകവിയായ രാജേഷ് അത്തിക്കയത്തെ കവിയും നാടകകൃത്തുമായ ദേവരാജ് കാരാവള്ളിൽ സദസിനു പരിചയപ്പെടുത്തി.
’സ്ത്രീകൾ സുരക്ഷിതരോ ആർഷഭാരതത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി പൊന്നു പിള്ള പ്രബന്ധം അവതരിപ്പിച്ചു. ഇന്ന് ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങൾ എടുത്തുകാട്ടി അതിനെതിരെ ഏവരും സഹകരിച്ചു പ്രവർത്തിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. മനുഷ്യബന്ധങ്ങളും പ്രായപരിധികളും വകവയ്ക്കാതെ പിഞ്ചുപൈതൽ മുതൽ തൊണ്ണൂറുകഴിഞ്ഞ സ്ത്രീകളോടുപോലും അതിക്രൂരമായി പെരുമാറുന്ന പ്രതിഭാസമാണ് ഇന്ന് ഇന്ത്യയിൽ നടമാടുന്നതെന്ന് പൊന്നുപിള്ള വ്യക്തമാക്കി.
പൊതുചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. എ.സി. ജോർജ്, ജോസഫ് പൊന്നോലി, നൈനാൻ മാത്തുള്ള, ദേവരാജ് കാരാവള്ളിൽ, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, ടി.ജെ. ഫിലിപ്പ്, പൊന്നു പിള്ള, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221, ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217
റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്