ഡാളസ് ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആനയും പൂരവും
Saturday, June 16, 2018 7:21 PM IST
ഡാളസ്: അമേരിക്കയിലെ ഡാളസ് ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നാലാമത് പ്രതിഷ്ഠദിനത്തോടനുബന്ധിച്ചു കേരളീയ ക്ഷേത്രാചാരങ്ങൾ അനുസരിച്ചും ക്ഷേത്രകലകൾ ഉൾപ്പെടുത്തിയും വിപുലമായ ആഘോഷപരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ക്ഷേത്രം തന്ത്രി കരിയന്നൂർ ദിവാകരൻ നന്പൂതിരിയുടെ കാർമികത്വത്തിൽ ജൂണ്‍ ഏഴു മുതൽ താന്ത്രികചടങ്ങുകൾ ആരംഭിച്ചു. ശുദ്ധിക്രിയകൾക്ക് പുറമേ ഉദയാസ്തമനപൂജകളും കലശാഭിഷേകങ്ങളും ക്ഷേത്രത്തിൽ നടന്നുവരുന്നു. 18 ന് നടക്കുന്ന കളഭാഭിഷേകത്തോടെ ചടങ്ങുകൾ സമാപിക്കും.

ജൂണ്‍ 13ന് പ്രതിഷ്ഠദിനത്തോട് അനുബന്ധിച്ചു നടന്ന ആന എഴുന്നള്ളിപ്പ് ആയിരുന്നു ഈ വർഷത്തെ ആഘോഷപരിപാടിയിലെ മുഖ്യ ആകർഷണം. മണ്‍മറഞ്ഞുപോയ ഗജശ്രേഷ്ഠൻ തിരുവന്പാടി ശിവസുന്ദറിനെ മാതൃകയാക്കി നിർമിച്ച ആന ഗുരുവായൂരപ്പന്‍റെ തിടന്പേറ്റി. തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടിയുടെയും ഭഗവതവിദ്വാൻ മിഥുനപ്പിള്ളി വാസുദേവൻ നന്പൂതിരിയുടെയും മേൽനോട്ടത്തിൽ തൃശൂരിലെ പുതൂർക്കര ചന്ദ്രൻ ആണ് ആനയെ ഫൈബറിൽ നിർമിച്ചത്. പല്ലാവൂർ ശ്രീധരമാരാരുടെയും ശ്രീകുമാർമാരാരുടെയും നേതൃത്വത്തിൽ അവരുടെ തന്നെ ശിഷ്യ·ാരായ, അമേരിക്കയിലെ പല നഗരങ്ങളിലും നിന്ന് വന്ന നാല്പതോളം കലാകാരൻമാർ പങ്കെടുത്ത മേളവും പഞ്ചവാദ്യവും എഴുന്നള്ളിപ്പിന് കൊഴുപ്പു കൂട്ടി.

ജൂണ്‍ 16, 17 തീയതികളിലായി നടക്കുന്ന സാംസ്കാരിക പരിപാടികളിൽ ക്ഷേത്രകലകൾക്ക് പ്രാമുഖ്യം നൽകിയിട്ടുണ്ട്. കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ഷേത്രകലകൾ അവതരിപ്പിക്കുന്നതോടൊപ്പം, ഇവടെ വളരുന്ന കുട്ടികൾക്ക് കലകളെ അടുത്തറിയാൻ പഠനശിബിരങ്ങളും ഒരുക്കിയിട്ടുണ്ട്. ആഘോഷപരിപാടികൾക്ക് കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ചെയർമാൻ കേശവൻ നായരും പ്രസിഡന്‍റ് രാമചന്ദ്രൻ നായരും നേതൃത്വം നൽകും. കേരളത്തിന്‍റെ തനത് ക്ഷേത്രസംസ്കാരവും തൃശൂർ പൂരത്തിന്‍റെ സന്ദേശവും അമേരിക്കയിൽ വളരുന്ന മലയാളികുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ക്ഷേത്രസമിതിയുടെ പ്രധാന ഉദ്ദേശം. ഇരിഞ്ഞാലക്കുട ഇരിഞ്ഞടപ്പിള്ളി മനയിൽ പദ്മനാഭൻ നന്പൂതിരിയും മങ്കര നീലമന വിനയൻ നന്പൂതിരിയുമാണ് ക്ഷേത്രത്തിലെ ശാന്തിക്കാർ.

റിപ്പോർട്ട്: സന്തോഷ് പിള്ള