ഫൊക്കാന ടാലന്‍റ് കോംപറ്റീഷൻ: ഒരുക്കങ്ങൾ പൂർത്തിയായി
Saturday, June 16, 2018 9:24 PM IST
ഫിലഡൽഫിയ: പതിനെട്ടാമത് ഫൊക്കാന അന്തർദേശീയ കണ്‍വൻഷനോടനുബന്ധിച്ചു നടക്കുന്ന ടാലന്‍റ് കോംപറ്റീഷന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ചെയർ ഡോ. സുജാ ജോസ്. ജൂലൈ 5, 6, 7, 8 തീയതികളിൽ ഫിലഡൽഫിയ വാലി ഫോർജിലെ കണ്‍വൻഷൻ സെന്‍ററിൽ നടക്കുന്ന കണ്‍വൻഷന്‍റെ ഏറ്റവും പ്രാധാന്യമേറിയ ഒരു ഘടകമാണ് ടാലന്‍റ് കോംപറ്റീഷൻ. വിപുലീകരിച്ച ഒരു വലിയ കമ്മിറ്റിയാണ് ടാലന്‍റ് മത്സരത്തിന് നേതൃത്വം നൽകുന്നത്.

7 മുതൽ 25 വയസുവരെയുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കുന്ന വിവിധ കലാമത്സരങ്ങൾ ടാലന്‍റ് കോംപറ്റീഷന്‍റെ ഭാഗമാണ്. സോളോ സോംഗ്, സിംഗിൾ ഡാൻസ്, പ്രസംഗമത്സരം എന്നിവയാണ് പ്രധാന ഇനങ്ങൾ. സ്പെല്ലിംഗ് ബീ, മലയാളി മങ്ക, ബ്യൂട്ടി പേജന്‍റ് എന്നീ മത്സരങ്ങളും ഇതോടൊപ്പമുണ്ട്. ഫൊക്കാനയുടെ എല്ലാ റീജണുകളിലും മത്സരം നടത്തി അതിൽ നിന്നും വിജയികളായവരാണ് ഗ്രാൻഡ് ഫിനാലേയിൽ പങ്കെടുക്കുന്നത്.

പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ ടാലന്‍റ് കോംപറ്റീഷനിൽ വിജയിപ്പിക്കുവാനുള്ള എല്ലാ സഹായ സഹകരണങ്ങളും നൽകാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് വൻ വിജയമാരിക്കുമെന്നും ഡോ. സുജാ ജോസ് പറഞ്ഞു.

പ്രസംഗമത്സര കമ്മിറ്റി കോ ചെയേഴ്സ്: ജോർജ് ഓലിക്കൽ, രഞ്ജിത് പിള്ള, അനിത ജോർജ്, മിനി എബി.

സംഗീതമത്സര കമ്മിറ്റി കോ ചെയേഴ്സ്: ആൽവിൻ ആന്േ‍റാ, ബാല കെയാർകെ, ബിന്ദു വർഗീസ്, ജെസി കാനാട്ട്.

നൃത്തമത്സര കമ്മിറ്റി കോ ചെയേഴ്സ്: സ്റ്റെഫി ഓലിക്കൽ, ഉഷാ ജോർജ്, ജെസ്സി ജോഷി, പ്രീതി നായർ.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലുള്ള കലാപ്രതിഭകളെ ഒരു കുടക്കീഴിൽ അണിനിരത്തി ഇങ്ങനെയൊരു മത്സരമൊരുക്കുന്നതിൽ സന്തോഷമുണ്ടെന്നും യുവജനങ്ങളുടേയും ഫൊക്കാനയുടേയും വളർച്ചയ്ക്കുവേണ്ടിയുള്ള വരുംകാല പ്രവർത്തനോദ്ദേശത്തോടുകൂടി 2018 20 ലെ ഇലക്ഷനിൽ ജോയിന്‍റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരവും സുജാ ജോസ് അറിയിച്ചു. ഫൊക്കാനയുടെ ദീർഘകാല പ്രവർത്തകയായ ലീലാ മാരേട്ടിനും കലാസാംസ്കാരിക സംഘടനകളിലും പ്രവർത്തനമണ്ഡലങ്ങളിലും ഉന്നതവിജയം നേടിയ ഒരുപറ്റം പ്രതിഭകളോടൊപ്പമാണ് മത്സരരംഗത്തേക്ക് കടന്നുവരുന്നതെന്നും ഡോ. സുജാ ജോസ് അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം