അവൻ ഇനി സമാധാനമായി വിശ്രമിക്കട്ടെ: ലൗലി വർഗീസ്
Monday, June 18, 2018 8:48 PM IST
ഷിക്കാഗോ: ഇനി എന്‍റെ മകൻ പ്രവീണിന് സമാധാനമായി വിശ്രമിക്കാം. സതേൺ ഇല്ലിനോയ് യൂണിവേഴ്സിറ്റി വിദ്യാർഥി പ്രവീൺ വർഗീസിന്‍റെ മരണം കൊലപാതകമായിരുന്നുവെന്ന് ജൂറി കണ്ടെത്തിയതിനെ തുടർന്നു മാധ്യമങ്ങളെ കണ്ട മാതാവ് ലൗലി വർഗീസ് ആദ്യ പ്രതികരണമായിരുന്നിത്.

2014 ഫെബ്രുവരി 13 ന് കാണാതായ പ്രവീണിന്റെ തണുത്തുറഞ്ഞ മൃതദേഹം നാലു ദിവസങ്ങൾക്കുശേഷം കാർബൻഡേയ്ൽ റസ്റ്ററന്‍റിനു പുറകിൽ വൃക്ഷ നിബി‍ഢമായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. പ്രവീണിനെ കാണാതായ ദിവസം മുതൽ കുടുംബാംഗങ്ങളും വോളണ്ടിയർമാരും ഈ സ്ഥലമുൾപ്പെടെ സമീപ പ്രദേശങ്ങൾ വരെ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത മൃതദേഹം നാലു ദിവസങ്ങൾക്കുശേഷം അവിടെ എങ്ങനെ എത്തി എന്ന ദുരൂഹത നിലനിൽക്കുമ്പോൾ തന്നെ, മൃതദേഹം കണ്ടെടുത്ത തലേന്ന് രാത്രി ആരോ ഒരാൾ വാഹനത്തിൽ നിന്നും ഇറങ്ങി ഭാരമേറിയ എന്തോ താങ്ങി കൊണ്ടു വരുന്ന ചിത്രങ്ങൾ സമീപമുള്ള കാമറയിൽ പതിഞ്ഞിരുന്നുവെന്നതും പ്രവീണിന്‍റേത് കൊലപാതകമാണെന്നതിന് അടിവരയിടുന്നതായിരുന്നു.

കാർബൻ ഡെയ്ൽ അധികാരികൾ ദുഃഖകരമായ അപകടമരണം എന്ന് വിധിയെഴുതിയ കേസ് നാലു വർഷം നീണ്ടു നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കൊലപാതമായി ജൂറി വിധിയെഴുതിയത്. സംഭവം നടന്ന ദിവസം സഹപാഠിയുടെ വീട്ടിൽ നടന്ന ബർത്തഡേ പാർട്ടിയിൽ പങ്കെടുത്തു പുറത്തിറങ്ങിയ പ്രവീണിന് മറ്റൊരു സഹപാഠി ഗേയ്ജ് ബത്തൂൺ നൽകിയ റൈഡാണ് ഒടുവിൽ മരണത്തിൽ കലാശിച്ചത്.

ബത്തൂണിന്റെ വാഹനത്തിൽ വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായും തുടർന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടുവെന്നും വാഹനത്തിൽ നിന്നും പ്രവീൺ ഇറങ്ങി പോയെന്നും ബത്തൂൺ നൽകിയ മൊഴി പോലീസ് വിശ്വാസത്തിലെടുക്കുകയായിരുന്നു. അതിശൈത്യത്തിൽ ശരീരം തണുത്തുറഞ്ഞ് മരണം സംഭവിക്കുകയായിരുന്നുവെന്ന ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന്‍റെ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു.

എന്നാൽ മൃതദേഹത്തിൽ കണ്ട ക്ഷതം പ്രവീണിന്‍റെ മാതാവിനേയും കുടുംബാംഗങ്ങളേയും വീണ്ടും മറ്റൊരു പോസ്റ്റ്മോർട്ടം കൂടി നടത്തുന്നതിനു പ്രേരിപ്പിച്ചു. തുടർന്ന് നടത്തിയ റീ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പ്രവീണിന്റെ മരണം തലയിൽ ഏറ്റ ക്ഷതമാണെന്ന് കണ്ടെത്തി. പ്രവീണിന്റെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വാസിച്ച ലൗലിക്ക് അതു തെളിയിക്കുന്നതുവരെ വിശ്രമമില്ലായിരുന്നു.

മകൻ നഷ്ടപ്പെട്ട ദുഃഖം ആളികത്തുമ്പോഴും സ്വഭാവിക മരണമെന്ന് അധികൃതർ വിധിയെഴുതിയപ്പോഴും മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിച്ച് ലൗലി വർഗീസ് രംഗത്തെത്തിയില്ലായിരുന്നുവെങ്കിൽ പ്രതി ബത്തൂൺ കൽതുറങ്കിൽ അടയ്ക്കപ്പെടുകയില്ലായിരുന്നു. ലൗലി വർഗീസിന്റെ പോരാട്ടത്തിൽ മക്കൾ നഷ്ടപ്പെട്ട നൂറുകണക്കിന് മാതൃഹൃദയങ്ങളിൽ നിന്നും ഉയർന്ന പ്രാർഥനയുടെ പിൻബലം ഉണ്ടായിരുന്നുവെന്നുള്ളത് യാഥാർഥ്യമാണ്.

റിപ്പോർട്ട് : പി.പി. ചെറിയാൻ