ഫോമാ കണ്‍വൻഷൻ: പൊളിറ്റിക്കൽ ഫോറം ചർച്ച സംഘടിപ്പിക്കുന്നു
Monday, June 18, 2018 11:38 PM IST
ഷിക്കാഗോ: ഷാംബർഗ് റിനയസൻസ് കണ്‍വണ്‍ഷൻ സെന്‍ററിൽ ജൂണ്‍ 21 മുതൽ 24 വരെ നടക്കുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഇന്‍റർനാഷണൽ കണ്‍വണ്‍ഷന്‍റെ ഭാഗമായി പൊളിറ്റിക്കൽ ഫോറം വ്യത്യസ്തങ്ങളായ രണ്ടുചർച്ചകൾ ഒരുക്കി കണ്‍വണ്‍ഷനെ ഒരു വലിയ വിജയമാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യയിലെ ബഹുഭൂരിപഷം ജനങ്ങളും ലോകം മുഴുവനും ചോദിക്കുന്ന ഒരു ചോദ്യമായ ഇന്ത്യൻ ജനാധിപത്യം അപകടത്തിലോ എന്ന വിഷയത്തിൽ കേരളത്തിലേയും വടക്കേ അമേരിക്കയിലേയും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കൾ വിശകലനം ചെയ്യുന്ന ഈ ചർച്ചയിൽ രാജു എബ്രാഹം എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ഗാന്ധിജി യൂണിവേഴ്സിറ്റി യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ, ഡിവൈഎഫ്ഐ കമ്മിറ്റി അംഗവുമായ അഡ്വ. ആർ. സനൽകുമാർ, യു.എൻ. ടെക്നോളജി ചീഫ് ആയിരുന്ന ജോർജ് എബ്രാഹം, ഫോമ മുൻ ജനറൽ സെക്രട്ടറി അനിയൻ ജോർജ്, കൈരളി ടിവിയുടെ യുഎസ്എ ഡയറക്ടർ ജോസ് കടാപുറം തുടങ്ങിയവർ പങ്കെടുക്കുന്നു.

പ്രവാസികൾ നേരിടുന്ന ഒസിഐ കാർഡ്, ആധാർ കാർഡ്, ഭാരതത്തിലെ വസ്തുവകകൾ ക്രയ വിക്രയത്തിൽ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെ ക്രോഡികരിച്ച് കോണ്‍സുലാർ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള ചർച്ചയിൽ കോണ്‍സുലാർ ജനറൽ നിഥാ ബൂഷണ്‍ ഉൾപ്പെടെ മറ്റു കോണ്‍സുലാർ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുമെന്നു കണ്‍വണ്‍ഷൻ പൊളിറ്റിക്കൽ ഫോറം ചെയർമാൻ റോയി മുളകുന്നം അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം