മകൾക്കു മദ്യം നൽകിയ മാതാവിന് 20 വർഷം തടവ്
Tuesday, June 19, 2018 9:49 PM IST
കെന്‍റക്കി ∙ പതിനാലുകാരിയായ മകൾക്ക് ഓർമ നഷ്ടപ്പെടുന്നതുവരെ വിസ്കി നൽകിയ മാതാവിന് സർക്യൂട്ട് ജഡ്ജി ഡേവിഡ് ടാപ്പ് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ മാതാവ് മിറാൻഡ ഗെയ്ൽ പൊളസ്റ്റൻ (35) നിരവധി കളവുകേസുകളിൽ പ്രതിയും അഞ്ചു വർഷത്തെ നല്ല നടപ്പിന് ശിക്ഷിക്കപ്പെട്ടതുമായിരുന്നു.

സോമർസെറ്റ് പോലീസ് കേസിന്‍റെ വിചാരണ സമയത്ത് ഇവർ മകളെ മദ്യം കഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം കോടതിയിൽ സമർപ്പിച്ചിരുന്നു. ബോധം മറയുന്നതു വരെ മദ്യം കഴിപ്പിച്ചത് ഇനി മേലിൽ മദ്യം കഴിക്കാൻ തോന്നരുതെന്നുള്ള സദുദ്ദേശ്യത്തോടെയായിരുന്നുവെന്നു മാതാവ് കോടതിയിൽ മൊഴി നൽകി. മകൾ പല തവണ മതി എന്നു പറഞ്ഞിട്ടും മാതാവ് ഇവരെ നിർബന്ധിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു.

കളവ് കേസിൽ പ്രൊബേഷനിലിരിക്കെ മദ്യം കൈവശം വയ്ക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന നിയമം ഇവർ ലംഘിച്ചതായി പോലീസ് അറിയിച്ചു. മാത്രമല്ല പ്രായപൂർത്തിയാകാത്ത മക്കൾക്കു മദ്യം നൽകി. സീരിയസ് ഇൻജുറി വരുത്തിയതിനും ഇവർക്കെതിരെ കേസടുത്തിരുന്നു.

മറ്റുള്ളവർക്ക് അപകടം വരുത്താൻ സാധ്യതയുള്ളതിനാൽ നല്ല നടപ്പു റദ്ദാക്കണമെന്നും ജയിലിലടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് പി.പി.ചെറിയാൻ