ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് വിവാഹ വസ്ത്ര നിർമാണം; റൊണാൾഡൊവിന് ഒന്നാം സ്ഥാനം
Friday, June 22, 2018 12:52 AM IST
ന്യൂയോർക്ക്∙ ന്യൂയോർക്കിൽ നടന്ന പതിനാലാമത് ടോയ്‌ലറ്റ് പേപ്പർ വിവാഹ വസ്ത്ര നിർമാണ മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ പത്തു പേരിൽ നിന്നും ന്യൂയോർക്ക് ചെസ് പിക്കിൽ നിന്നുള്ള റൊണാൾഡൊ റോയ് ക്രൂസ് (51) ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10,000 ഡോളറാണ് സമ്മാന തുകയായി ലഭിക്കുക.

മത്സരത്തിൽ പങ്കെടുത്ത 1550 മത്സരാർഥികളിൽ ഫൈനലിലെത്തിയ പത്തു പേരിൽ റൊണാൾഡൊ കഴിഞ്ഞ നാലു വർഷവും ഫൈനലിൽ എത്തിയിരുന്നുവെങ്കിലും ഒന്നാം സ്ഥാനം ആദ്യമായാണ് ലഭിക്കുന്നത്.

ടോയ്‌ലറ്റ് പേപ്പർ, ടേപ്പ്, ഗ്ലു, സൂചി, നൂല് എന്നിവ ഉപയോഗിച്ചാണ് മനോഹരമായ വിവാഹ വസ്ത്രം നിർമിച്ചിരുന്നത്. 20 റോൾ ടോയ്‌ലറ്റ് പേപ്പറാണ് ഇതിന്‍റെ നിർമാണത്തിനു വേണ്ടി ഉപയോഗിച്ചതെന്ന് റൊണാൾഡൊ പറഞ്ഞു.

റൊണാൾഡൊയുടെ ബന്ധു നീസു ഡാനിക്കയാണ് സമ്മാനത്തിനർഹമായ വസ്ത്രം ധരിച്ച് എത്തിയത്. മറ്റൊരു ബന്ധുവായ കാർമൽ ക്രൂസാണ് ആവശ്യമായ മേയ്ക്ക് അപ്പ് നടത്തിയത്. സമ്മാനമായി ലഭിച്ച 10,000 ഡോളർ ഉപയോഗിച്ചു ഫിലിപ്പീനോയിലെ തന്‍റെ ബന്ധുക്കളെ സന്ദർശിക്കാനാണ് പരിപാടിയെന്ന് റൊണാൾഡൊ പറഞ്ഞു. ഇത്തരം വിവാഹ വസ്ത്രങ്ങൾ ആവശ്യമുള്ളവർക്ക് തയാറാക്കി നൽകുമെന്നും റൊണാൾഡൊ പറഞ്ഞു.

റിപ്പോർട്ട് : പി.പി. ചെറിയാൻ