ഹൂസ്റ്റണിൽ മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസ് ജൂലൈ 5, 6,7, 8 തീയതികളിൽ
Saturday, June 23, 2018 6:35 PM IST
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ ഹൂസ്റ്റണ്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടൽ ഹിൽട്ടണിൽ ജൂലൈ 5, 6, 7, 8 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസ് നടത്തുന്നു.

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ്, തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ്, ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എന്നിവരും ജനീവ, സ്വിറ്റ്സർലൻഡ് എന്നീ ഇടവകകളിലെ വികാരിയും ബഹുമുഖ പണ്ഡിതനുമായ റവ. സാം കോശി എന്നിവരാണ് കോണ്‍ഫറൻസിന് നേതൃത്വം നൽകുന്നത്.

ദൈവത്താൽ സംയോജിക്കപ്പെട്ടവർ, സേവനത്തിനായി സമർപ്പിതർ (United by God: Committed to Serve) എന്നതാണ് മുഖ്യചിന്താവിഷയം. വ്യാഴാഴ്ച ഉച്ചക്ക് ഒന്നു മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് 6.30 ന് കോണ്‍ഫറൻസിന്‍റെ ഒൗപചാരിക ഉദ്ഘാടനം നടക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക മീറ്റിംഗുകൾ കോണ്‍ഫറൻസിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

റവ. മനോജ് ഇടിക്കുള, റവ. ബൈജു മാർക്കോസ്, റവ. ഡോ. ഫിലിപ്പ് വർഗീസ്, പ്രഫ. ഫിലിപ്പ് തോമസ്, റവ. ക്രിസ്റ്റഫർ പി. ഡാനിയേൽ, റവ. ജയ്സണ്‍ എ. തോമസ്, ഡോ. ഫിലിപ്പ് തോമസ്, നവിത മേരി ജോജി, റവ. ഏബ്രഹാം കുരുവിള, റവ. ബിജു പി. സൈമണ്‍, നീതി ക്രിസ്റ്റഫർ, ഷെറിൻ സോനു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

കോണ്‍ഫറൻസിൽ ഭദ്രാസനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ജനറൽ കണ്‍വീനർ റവ. എബ്രഹാം വർഗീസ്, സെക്രട്ടറി ജോണ്‍ കെ. ഫിലിപ്പ് (പ്രകാശ്), മീഡിയ ചെയർമാൻ റവ. വിജു വർഗീസ്, കണ്‍വീനർ സഖറിയാ കോശി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം