വാറണ്ടില്ലാതെ പോലീസിന് സെൽഫോണ്‍ പരിശോധിക്കാനാവില്ല: സുപ്രീം കോടതി
Saturday, June 23, 2018 6:36 PM IST
വാഷിംഗ്ടണ്‍ ഡിസി: ജഡ്ജിയിൽ നിന്നും ലഭിച്ച വാറണ്ടില്ലാതെ സ്വകാര്യ വ്യക്തികളുടെ സെൽഫോണ്‍ ഡാറ്റ പോലീസിനു പരിശോധിക്കാനാവില്ലെന്നു യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു. നിയമപാലകരുടെ അധികാരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം നാലിനെതിരെ അഞ്ചു വോട്ടുകൾക്കാണ് സുപ്രീം കോടതി അംഗീകരിച്ചത്.

സെൽഫോണിനുവേണ്ടി അപേക്ഷിക്കുന്പോൾ അപേക്ഷകന്‍റെ മുഴുവൻ വിവരങ്ങളും പോലീസിനു ലഭ്യമാകുന്ന സ്ഥിതിയാണ് ഈ ഉത്തരവോടെ ഇല്ലാതായത്. സ്വകാര്യ സെൽഫോണ്‍ കന്പനിക്കാരുടെ ഒരു വിജയമായി ഈ ഉത്തരവിനെ വ്യാഖ്യാനിച്ചാലും തെറ്റില്ല.

സ്വകാര്യ വ്യക്തിയുടെ സ്വകാര്യ താൽപര്യങ്ങൾ കണ്ടെത്തണമെങ്കിൽ സെർച്ച് വാറന്‍റ് അനിവാര്യമാണെന്നു വിധി പ്രസ്താവത്തിനിടെ ചീഫ് ജസ്റ്റിസ് ജോണ്‍ റോബർട്ട്സ് ആവർത്തിച്ചു വ്യക്തമാക്കി.

മിഷിഗണിലും ഒഹായോവിലും നിരവധി കളവു കേസുകളിൽ പ്രതിയായ കാർപന്‍റർ, കേസ് വിചാരണ നടക്കവെ, സെൽഫോണ്‍ ഡാറ്റ ഉപയോഗിച്ചു എവിടെയെല്ലാം കളവു നടത്തി എന്നത് പോലീസ് കണ്ടെത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും സെർച്ച് വാറണ്ട് ഇല്ലാതെയാണ് സെൽഫോണ്‍ പരിശോധിച്ചതെന്നും വാദിച്ചത് അംഗീകരിക്കുന്നതായിരുന്നു സുപ്രീം കോടതി വിധി. സെക്യൂരിറ്റി കാമറകൾ പരിശോധിക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ