അനധികൃത കുടിയേറ്റക്കാർ 63,000 അമേരിക്കൻ പൗര·ാരെ കൊലപ്പെടുത്തി: ട്രംപ്
Saturday, June 23, 2018 6:37 PM IST
വാഷിംഗ്ടണ്‍: 9/11 നു ശേഷം അമേരിക്കയിൽ അനധികൃതമായി കുടിയേറിയവർ 63,000 അമേരിക്കൻ പൗരന്മാരുടെ ജീവൻ കവർന്നെടുത്തതായി ലഭ്യമായ കണക്കുകൾ ഉദ്ധരിച്ചു കൊണ്ടു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ജൂണ്‍ 22 ന് നടന്ന പ്രത്യേക ചടങ്ങിൽ അനധികൃത കുടിയേറ്റക്കാരാൽ കൊല്ലപ്പെട്ട അമേരിക്കൻ പൗരന്മാരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു കൊണ്ടു അവരുടെ ഓട്ടോഗ്രാഫുകളിൽ ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാൻ അനുവദിക്കരുത്. അതിർത്തി സുരക്ഷ ശക്തമാക്കി ഇത്തരക്കാരെ അമേരിക്കയിൽ പ്രവേശിപ്പിക്കാതെ തടയുമെന്നും ട്രംപ് പറഞ്ഞു.

എയ്ഞ്ചൽ ഫാമലീസ് എന്നാണു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കൻ പൗരന്മാർ കൊല്ലപ്പെടുന്നതിലൂടെ കുടുംബാംഗങ്ങളിൽ നിന്നും എന്നേക്കുമായി അവർ മാറ്റപ്പെടുന്നതാണോ, അതോ നിയമവിരുദ്ധമായി ഇവിടെ കുടിയേറിയവരിൽ നിന്നും എല്ലാ സൗകര്യങ്ങളോടും കൂടെ അവരുടെ കുട്ടികളെ താത്കാലികമായി മാറുന്നതാണോ ഉചിതമെന്നും ട്രംപ് ചോദിച്ചു. ഇമിഗ്രേഷൻ നിയമങ്ങൾ ദുർബലമാക്കിയ ഡെമോക്രാറ്റുകൾ ചർച്ചയ്ക്കോ കേൾക്കുന്നതിനോ കാണുന്നതിനോ തയാറാകാത്തത് ശരിയല്ലെന്നും ട്രംപ് കൂട്ടിചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ