പി. ഉണ്ണികൃഷ്ണനെ എൻഎസ്എസ് ദേശീയ സംഗമത്തിൽ ആദരിക്കും
Saturday, June 23, 2018 9:26 PM IST
ഷിക്കാഗോ: നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ഓഗസ്റ്റ് 10, 11, 12 തീയതികളിൽ ഷിക്കാഗോയിൽ നടത്തുന്ന നാലാമത് ദേശീയ സംഗമത്തിൽ കർണാടക സംഗീതജ്ഞനും ചലച്ചിത്രപിന്നണിഗായകനുമായ പി. ഉണ്ണികൃഷ്ണനെ ആദരിക്കും.

പാലക്കാട് ജില്ലയിൽ കെ.രാധാകൃഷ്ണന്േ‍റയും ഡോ. ഹരിണി രാധാകൃഷ്ണന്േ‍റയും മകനായി ജനിച്ച ഉണ്ണികൃഷ്ണൻ പഠിച്ചതും വളർന്നതും ചെന്നെയിലാണ്. കാതലൻ എന്ന തമിഴ് ചലചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിതൊടെയാണ് ശ്രദ്ധേയനായത്. 1994 ൽ എ.ആർ. റഹ്മാന്‍റെ സംഗീത സംവിധാനത്തിൽ പുറത്തുവന്ന “എന്നവളേ ആദി എന്നവളേ” എന്ന ഗാനം സൂപ്പിർ ഹിറ്റുമായിരുന്നു. റഹ്മാന്‍റെ ഇഷ്ടഗായകനായി മാറിയ പി. ഉണ്ണികൃഷ്ണൻ തുടർന്നു രണ്ടു ഡസനോളം പാട്ടുകൾക്ക് ശബ്ദം നൽകി. ഭരതൻ സംവിധാനം ചെയ്ത് ശ്രീദേവി നായികയായി അഭിനയിച്ച ദേവരാഗം എന്ന സിനിമയിൽ കെ.എസ്. ചിത്രയ്ക്കൊപ്പം “യാ യാ യാദവാ” എന്ന ഗാനം പാടിക്കൊണ്ടാണ് ഉണ്ണികൃഷ്ണൻ മലയാള സിനിമയിൽ എത്തിയത്്. ഒറ്റ നാണയം എന്ന സിനിമയിൽ സുജാതയ്ക്കൊപ്പം പാടിയ “എൻ ശ്വാസമേ എൻ നെഞ്ചിലേ” എന്ന ഗാനവും മലയാളികൾ ഏറ്റുപാടി. കന്നടയിലും തെലുങ്കിലും ഹിന്ദിയിലും ഉണ്ണികൃഷ്ണൻ പാടിയിട്ടുണ്ട്. സിനിമാ ഗാനങ്ങൾക്കു പുറമെ നിരവധി ഭക്തിഗാനങ്ങൾക്കും ഉണ്ണികൃഷ്ണൻ ഈണം നൽകിയിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ നർത്തകി പ്രിയ ആണ് ഭാര്യ. മക്കൾ: വാസുദേവ്, ഉത്തര.

ഉണ്ണികൃഷ്ണനു പുറമെ നിരവധി കലാ പ്രതിഭകൾ എൻഎസ്എസ് സംഗമത്തിൽ പരിപാടികൾ അവതരിപ്പിക്കുമെന്ന് പ്രസിഡന്‍റ് എം.എൻ.സി നായർ , വൈസ് പ്രസിഡന്‍റ് ഗോപിനാഥ കുറുപ്പ്, ജനറൽ സെക്രട്ടറി അജിത് നായർ, ജോയിന്‍റ് സെക്രട്ടറി പ്രമോദ് നായർ, ട്രഷറർ മഹേഷ് കൃഷ്ണൻ ജോയിന്‍റ് ട്രഷറർ ഹരി ശിവരാമൻ, ചെയർമാൻ ജയൻ മുളങ്ങാട്, കോചെയർമാൻ സുനിൽ നായർ, കൾച്ചറൽ പ്രോഗ്രാം ചെയർമാൻ ശിവൻ മുഹമ്മ എന്നിവർ അറിയിച്ചു.

അമേരിക്കയിലെ മലയാളി നായർ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ൽ ന്യൂയോർക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ കണ്‍വൻഷൻ 2012 ൽ ഡാളസിലാണ് നടന്നത്. തുടർന്നു 2014 ൽ വാഷിംഗ്ടണിലും 2016ൽ ഹൂസ്റ്റണിലും ദേശീയ കണ്‍വൻഷൻ നടന്നു.