ജയിംസ് കല്ലറക്കാനിയില്‍ ഫോമ മലയാളി മന്നന്‍
Sunday, June 24, 2018 4:06 PM IST
ഷിക്കാഗോ: ഫോമാ കണ്‍വന്‍ഷനിലെ ഏറ്റവും നല്ല പരിപാടി എന്നു വിശേഷിപ്പിക്കാവുന്ന മലയാളി മന്നന്‍ മത്സരത്തില്‍ ജയിംസ് കല്ലറക്കാനിയില്‍ കിരീടം ചൂടി. മത്സരത്തിന്റെ അവസാനഘട്ടം നറുക്കെടുപ്പിലൂടെ വന്ന ചോദ്യങ്ങള്‍ക്ക് അനുസൃതമായ പരിപാടി അവതരിപ്പിക്കുക എന്നതായിരുന്നു. നറുക്കെടുത്തപ്പോള്‍ ജയിംസിനു കിട്ടിയത് ഒരു ഉപദേശിയുടെ പ്രസംഗം അനുകരിക്കാനാണ്. വഴിതെറ്റിപ്പോകുന്ന ഭര്‍ത്താവിനു ഒരു ഉപദേശമായിരുന്നു ആദ്യം. കാര്യങ്ങളൊക്കെ കര്‍ത്താവിനോട് മാത്രം പറയുകയും, ഭാര്യയോട് പറയാതിരിക്കുകയും വേണമെന്നതാണ് ഒരു ഉപദേശം.

സംസാരത്തിനിടയില്‍ തനിക്ക് വെളിപാടുണ്ടായെന്നും ഈ ഫോമയില്‍ താന്‍ ചാമ്പ്യനാകുമെന്ന് കര്‍ത്താവ് അരുളിച്ചെയ്‌തെന്നും ജയിംസ് സരസമധുരമായി അവതരിപ്പിച്ചപ്പോള്‍ സദസില്‍ നിറഞ്ഞ കയ്യടി.

രണ്ടാം സ്ഥാനം നേടിയ ഡാനിഷ്‌ ്രൈപവറ്റ് ബസ് സ്റ്റാന്‍ഡിലെ അനൗണ്‍സറെയാണ് അവതരിപ്പിച്ചത്. ഹരി നമ്പൂതിരിക്ക് കിട്ടിയ നറുക്ക് പ്രൈവറ്റ് സ്റ്റാന്‍ഡില്‍ പുസ്തകം വില്‍ക്കുന്ന ഒരാളെ അവതരിപ്പിക്കാനാണ്. ദാമ്പത്യജീവിതം സന്തോഷകരമാക്കാനുള്ള 101 കാര്യങ്ങള്‍ എന്ന പുസ്തകം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വില്‍ക്കുന്നത് ചടുല മനോഹരമായാണ് ഹരിനമ്പൂതിരി അവതരിപ്പിച്ചത്. ഒടുവില്‍ പുസ്തകം എഴുതിയ ആളിന്റെ പേരും പറഞ്ഞു ബന്നി വാച്ചാച്ചിറ. പിന്നെ ജനത്തിന്റെ ചിരി.

നടന്‍ കൂടിയായ ജോസഫ് ഔസോയ്ക്ക് കിട്ടിയത് തീവണ്ടി ഓഫീസിലെ അനൗണ്‍സറാണ്. ഹിന്ദിയില്‍ ഔസോയും കസറി.

റോഷിന്‍ മാമ്മനാകട്ടെ വഴിയരികിലെ പിച്ചക്കാരന്റെ റോളാണ് കിട്ടിയത്. റോഷിനും തന്മയത്വമുള്ള പ്രകടനം കാഴ്ചവെച്ചു. സാം ആന്റോറെയില്‍വേ സ്‌റ്റേഷനില്‍ ചായ വില്പ്പനക്കാരനെഭഗിയായി അവതരിപ്പിച്ചു.

എല്ലാവരും കസറിയ മത്സരത്തിന്റെ കമ്മിറ്റി ചെയര്‍ഷോളി കുമ്പിളുവേലി ആയിരുന്നു. സിജില്‍ പാലയ്ക്കലോടി, ജോണിക്കുട്ടി പിള്ളവീട്ടില്‍, നോയല്‍ മാത്യു, ഹരികുമാര്‍, സോണി തോമസ് എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. ജഡ്ജിമാര്‍ സണ്ണി കല്ലൂപ്പാറ , ജോസ്മാന്‍ കരേടന്‍, രേഖാ ഫിലിപ്പ് എന്നിവരായിരുന്നു.

അരീക്കര സ്വദേശിയായ ജയിംസ് അറ്റ്‌ലാന്റയില്‍ ബിസിനസുകാരനാണ്. സിനിമയിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. പാട്ട്, അഭിനയം, തിരക്കഥാ രചന എന്നിവ മുഖ്യ വിനോദങ്ങള്‍. ഭാര്യ മറിയം. മക്കള്‍: റേച്ചല്‍, ജയ്‌സണ്‍, മിഷേല്‍.