സ്വന്തം ചരമകുറിപ്പ് തയാറാക്കിയ അഞ്ചു വയസുകാരൻ ഒടുവിൽ മരണത്തിനു കീഴടങ്ങി
Saturday, July 14, 2018 5:56 PM IST
ഐഓവാ: മരണത്തിനുശേഷം എന്തെല്ലാം ചെയ്യണമെന്നും ചരമ കുറിപ്പ് എന്തായിരിക്കണമെന്ന നിർദേശങ്ങൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നൽകിയ അഞ്ചു വയസുകാരനായ ഗാരറ്റ് മത്തിയാസ് ഒടുവിൽ മരണത്തിനു കീഴടങ്ങി.

കുട്ടികളിലുണ്ടാകുന്ന പ്രത്യേക അർബുദ രോഗത്തെതുടർന്നു ജൂലൈ 6 ന് മരിക്കുന്നതിനു മുന്പു മകന്‍റെ എല്ലാ ആഗ്രഹങ്ങളും തങ്ങളെ അറിയിച്ചിരുന്നതായി ഐഓവായിലെ വാൻ മീറ്ററിൽ നിന്നുള്ള മാതാപിതാക്കൾ അറിയിച്ചു.

മരണശേഷം മൃതശരീരം ദഹിപ്പിക്കണമോ അതോ അടക്കം ചെയ്യണമോ എന്ന ചോദ്യത്തിന് ദഹിപ്പിക്കണമെന്നാണ് ഗാരറ്റ് ആവശ്യപ്പെട്ടത്. എനിക്ക് അഞ്ചു വയസാണ് പ്രായം, അഞ്ചു ബൗണ്‍സി ഹൗസസ് ഞാൻ മരിക്കുന്പോൾ വേണം. ബാറ്റ്മാൻ തോർ, അയണ്‍ മാൻ, ഹൽക്ക് ആൻഡ് സൈബോർഗ് എന്നിവരാണ് തന്‍റെ സൂപ്പർ ഹീറോസ് എന്നും ചരമ കുറിപ്പിൽ ചേർക്കണമെന്നും ഗാരറ്റ് ആവശ്യപ്പെട്ടു.

ഒന്പതു മാസം അർബുദ രോഗത്തോടു മല്ലടിച്ചാണ് അവസാനം ഗാരറ്റ് തോൽവി സമ്മതിച്ചത്. മറ്റൊരു കുട്ടിയുടേയും ജീവൻ അർബുദം കവർന്നെടുക്കാത്ത വിധം ഇതിനെ പരാജയപ്പെടുത്തണമെന്നും ഒരു ഗുസ്തിക്കാരനെപോലെ ഇതിനെ നേരിടണമെന്നും ഗാരറ്റ് ആഗ്രഹിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഗാരറ്റിന്‍റെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിന് 39,000 ഡോളറാണ് സംഭാവനയായി ലഭിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ