ആർദ്രം പദ്ധതിക്ക് പ്രവാസികൾ പിന്തുണ നൽകും: ഡോ. ലൂക്കോസ് മണിയാട്ട്
Monday, July 16, 2018 9:28 PM IST
ഫിലഡൽഫിയ∙ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ സേവനം നിലവാരം മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത ആർദ്രം പദ്ധതിക്ക് ആവശ്യമായ പിന്തുണ നൽകുമെന്ന് സെർവ് ഇന്ത്യ സംഘടനയുടെ ഡയറക്ടർ ഡോ. ലൂക്കോസ് മണിയാട്ട് ഉറപ്പു നൽകി.

ഫിലഡൽഫിയയിൽ ചേർന്ന ഫൊക്കാന സമ്മേളനത്തിലെ ഹെൽത്ത് സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു ഡോ. ലൂക്കോസ് മണിയാട്ട്. ആരോഗ്യ പരിപാലന രംഗത്തു വൻ മുന്നേറ്റം ഉണ്ടാകുന്നതാണ് ആർദ്രം പദ്ധതി. പ്രവാസി മലയാളികളുടേയും സന്നദ്ധ സേവാ സംഘടനകളുടേയും സഹകരണം പ്രതീക്ഷിച്ചു തുടക്കമിട്ട പദ്ധതിക്കു അമേരിക്കൻ പ്രവാസി മലയാളികളിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും പറഞ്ഞു.

ഇടതുപക്ഷ സർക്കാർ എടുക്കുന്ന തീരുമാനം മുഖ്യമന്ത്രി നേരിട്ടിടപ്പെട്ടു ഘടക കക്ഷികളുടെ കാര്യമായ എതിർപ്പുകളില്ലാതെ നടപ്പാക്കാൻ കഴിയുന്നത് വളരെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. അനിരുദ്ധൻ, ഡോ. സോഫി വിൽസൻ, ബ്രിജിറ്റ് ഇമ്മാനുവേൽ തുടങ്ങിയവരും ആരോഗ്യ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.

റിപ്പോർട്ട് : പി. പി. ചെറിയാൻ